എഡ്മിന്‍റൻ : പണിമുടക്ക് ഭീതി ഒഴിവാക്കി ആൽബർട്ട സർക്കാരും അധ്യാപക യൂണിയനും താൽക്കാലിക കരാറിൽ എത്തി. ഇരു കക്ഷികളും മെമ്മോറാണ്ടം ഓഫ് എഗ്രിമെൻ്റിൽ എത്തിയതായി ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷനും പ്രവിശ്യാ ധനമന്ത്രിയും ചൊവ്വാഴ്ച രാവിലെ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച, ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (ATA) ടീച്ചേഴ്‌സ് എംപ്ലോയർ ബാർഗെയിനിങ് അസോസിയേഷന് പുതിയ ഓഫർ നൽകിയതായി ധനമന്ത്രി നേറ്റ് ഹോർണർ പറഞ്ഞു. ഇതുവരെ തുടർന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ താൽക്കാലിക കരാർ രൂപീകരിക്കാൻ ഇരു കക്ഷികളും സമ്മതിച്ചതായി മന്ത്രി അറിയിച്ചു. വരും ദിവസങ്ങളിൽ യൂണിയൻ അംഗങ്ങൾ താൽക്കാലിക കരാറിൽ വോട്ട് ചെയ്യും. തുടർന്ന് കരാറിന്റെ വിവരങ്ങൾ പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ താൽക്കാലിക കരാർ അംഗീകരിക്കാൻ അധ്യാപകർ വോട്ട് ചെയ്യുമെന്ന് യൂണിയൻ വക്താവ് പറഞ്ഞു.