ടൊറൻ്റോ : ഒറീലിയ, മസ് ക്കോക്ക കാമ്പസുകൾ അടച്ചുപൂട്ടി ബാരി കാമ്പസുമായി ലയിപ്പിക്കുമെന്ന് ജോർജിയൻ കോളേജ് പ്രഖ്യാപിച്ചു. ഈ നടപടിക്ക് കോളേജിന്‍റെ ബോർഡ് ഓഫ് ഗവർണേഴ്‌സിൽ നിന്ന് അംഗീകാരം ലഭിച്ചതായി ജോർജിയൻ കോളേജിന്‍റെ പ്രസിഡന്റും സിഇഒയുമായ കെവിൻ വീവർ അറിയിച്ചു. കോളേജിന്‍റെ കാര്യക്ഷമത, രാജ്യാന്തര വിദ്യാർത്ഥി പ്രവേശനം, സാമ്പത്തികസ്ഥിതി എന്നിവ പരിശോധിച്ചശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. കാമ്പസുകളുടെ ഏകീകരണത്തിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം രണ്ടു കോടി 35 ലക്ഷം ഡോളർ ലഭിക്കാനാകുമെന്ന് കെവിൻ വീവർ പറയുന്നു.

ഒറീലിയ കാമ്പസ് 2026 വേനൽക്കാലത്ത് ആയിരിക്കും അടയ്ക്കുക. തുടർന്ന് മെയ് മാസത്തിൽ ആരംഭിക്കുന്ന ഒറീലിയ കാമ്പസിലെ ക്ലാസുകൾ ബാരിയിലേക്ക് മാറ്റും. മസ്ക്കോക്ക കാമ്പസ് 2026 ഓഗസ്റ്റിൽ അടച്ചുപൂട്ടും. അതേസമയം കാമ്പസുകൾ അടച്ചുപൂട്ടുന്നത് വിദ്യാർത്ഥികളുടെ ബിരുദദാന സമയക്രമത്തെയോ അവരുടെ പ്രോഗ്രാമുകൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിനെയോ ബാധിക്കില്ല.
