ന്യൂയോർക്ക് : ഐക്യരാഷ്ട്ര സംഘടനയിൽ പാക്കിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാക്കിസ്ഥാൻ ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്നും ലോകത്തുടനീളം നടന്നിട്ടുള്ള ഭീകരാക്രമണങ്ങൾ ‘ഒരു രാജ്യത്തു’ നിന്ന് രൂപംകൊണ്ടവയാണെന്നും യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ജയശങ്കർ പറഞ്ഞു.

ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ അയൽ രാജ്യമെന്ന വെല്ലുവിളിയെ സ്വാതന്ത്ര്യം നേടിയതു മുതൽ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കയാണ്. ദശാബ്ദങ്ങളായി, രാജ്യാന്തര തലത്തിൽ നടന്നിട്ടുള്ള വലിയ ഭീകരാക്രമണങ്ങളുടെയെല്ലാം ഉറവിടം ഒരു രാജ്യമാണ്. ഐക്യരാഷ്ട്രസഭയുടെ നിയുക്ത തീവ്രവാദികളുടെ പട്ടികയിൽ അവരുടെ പൗരന്മാർ നിറഞ്ഞിരിക്കുന്നു, ജയശങ്കർ പറഞ്ഞു. അതിർത്തി കടന്നുള്ള ക്രൂരതയുടെ ഏറ്റവും പുതിയ ഉദാഹരണം ഈ വർഷം ഏപ്രിലിൽ പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതാണ്. ഭീകരതയ്‌ക്കെതിരെ ജനങ്ങളെ പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കുകയും കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്തു, അദ്ദേഹം വ്യക്തമാക്കി.

ഭീകരത പൊതുഭീഷണിയായതിനാൽ, കൂടുതൽ ആഴത്തിലുള്ള അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്. ഭീകരവാദത്തിനായി സാമ്പത്തികസഹായം നൽകുന്നത് അവസാനിപ്പിക്കുകയും ഭീകരർക്ക് ഉപരോധമേർപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. മുഴുവൻ ഭീകര സംവിധാനങ്ങൾക്കുനേരെയും കടുത്ത സമ്മർദമുണ്ടാകണം. ഭീകരതയെ സ്പോൺസർ ചെയ്യുന്ന രാജ്യങ്ങളെ പിന്തുണയ്ക്കുന്നവർ എന്നെങ്കിലും അത് തങ്ങളെയും തിരിഞ്ഞുകൊത്തുമെന്ന് ഓർക്കണം’ ജയശങ്കർ കൂട്ടിച്ചേർത്തു.
