ടൊറൻ്റോ : ഒൻ്റാരിയോ വിൻസറിൽ വൻ ആയുധവേട്ട. യുഎസിൽ നിന്നും ഇറക്കുമതി ചെയ്ത 48 തോക്കുകൾ, 30 കൺവേർഷൻ ഉപകരണങ്ങൾ, 17,000 റൗണ്ട് വെടിയുണ്ടകൾ തുടങ്ങിയവ പിടിച്ചെടുത്തതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) അറിയിച്ചു. തുടർന്ന് സിബിഎസ്എ ഒൻ്റാരിയോ ഫയർ ആർമ്സ് സ്മഗ്ലിങ് എൻഫോഴ്‌സ്‌മെൻ്റ് ടീം (ഒഎഫ്‌എസ്‌ഇടി) നടത്തിയ അന്വേഷണത്തിൽ വിൻസർ സ്വദേശി 30 വയസ്സുള്ള ഹെങ്‌വെയ് സോങ്ങിനെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മെയ്, ജൂൺ മാസങ്ങളിൽ വിൻസർ, ടൊറൻ്റോ, മൺട്രിയോൾ ബോർഡർ സർവീസസ് ഉദ്യോഗസ്ഥർ തോക്കുകളുടെ ഭാഗങ്ങളും തോക്കുകൾ നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങളും അടങ്ങിയ നാല് പാഴ്‌സലുകൾ കണ്ടെത്തി. ഈ പാഴ്‌സലുകൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ഇറക്കുമതി ചെയ്തതായിരുന്നു. ഇവയെല്ലാം വിൻസറിലെ ഒരേ വിലാസത്തിലേക്കാണ് വന്നത്. തുടർന്ന് കാനഡയിലേക്ക് തോക്കുകളുടെ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് സിബിഎസ്എയുടെ ഒഎഫ്‌എസ്‌ഇടി അന്വേഷണം ആരംഭിക്കുകയും ജൂലൈ 17 ന്, വിൻസറിൽ റെയ്ഡ് നടത്തുകയും തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുക്കുകയും ചെയ്തു. കേസിൽ ഹെങ്‌വെയ് സോങ്ങിനെ കസ്റ്റംസ് ആക്റ്റ്, ക്രിമിനൽ കോഡ് എന്നിവ പ്രകാരം അറസ്റ്റ് ചെയ്തതായി സിബിഎസ്എ ഉദ്യോഗസ്ഥർ അറിയിച്ചു.