മൺട്രിയോൾ : നഗരത്തിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടു പേർ കോടതയിൽ കീഴടങ്ങിയതായി കെബെക്ക് പ്രവിശ്യാ പൊലീസ് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 19-ന് മൺട്രിയോളിന് സമീപം ജോലിയറ്റിലുള്ള കോടതിയിൽ 40 ഉം 59 ഉം വയസ്സുള്ള പ്രതികൾ കീഴടങ്ങിയതായും ഇരുവരെയും കസ്റ്റഡിയിൽ എടുത്തതായും പൊലീസ് റിപ്പോർട്ട് ചെയ്തു. 2024 ഡിസംബറിൽ കെബെക്കിലെ എൽ’എപിഫാനിയിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ്.

ഗ്രേറ്റർ മൺട്രിയോൾ മേഖലയിൽ നിന്നും ഇവർ മോഷ്ടിച്ച എസ്‌യുവികൾ, ട്രാക്ടർ, സ്നോമൊബൈലുകൾ, ട്രെയിലറുകൾ എന്നിവയുൾപ്പെടെ പത്ത് ലക്ഷം ഡോളറിലധികം മൂല്യമുള്ള വാഹനങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സെപ്റ്റംബർ 25 ന് നടന്ന മറ്റൊരു പരിശോധനയിൽ കൂടുതൽ വാഹനങ്ങൾ കണ്ടെടുത്തതായും ഇതോടെ കണ്ടെടുത്ത വാഹനങ്ങളുടെ ആകെ മൂല്യം 18 ലക്ഷം ഡോളർ കവിഞ്ഞതായും അധികൃതർ അറിയിച്ചു. വാഹനമോഷണം, കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്ത് കൈവശം വയ്ക്കൽ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് പ്രതികൾ നേരിടുന്നത്.