ഓട്ടവ : ഗാസയിലേക്ക് സഹായമെത്തിക്കാൻ ശ്രമിച്ച ഗ്ലോബൽ സുമദ് ഫ്ലോട്ടില്ലയുമായി ബന്ധപ്പെട്ട് ഇസ്രയേൽ തടവിലാക്കിയ മൂന്ന് കനേഡിയൻ പൗരന്മാരെ ഉടൻ മോചിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ്. ഗ്ലോബൽ അഫയേഴ്‌സ് കാനഡ മൂവരെയും മോചിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

മെഡിറ്ററേനിയൻ കടൽ വഴി ഗാസ മുനമ്പിലേക്ക് എത്താൻ ശ്രമിച്ച രണ്ട് കനേഡിയൻ പൗരന്മാരെ ഇസ്രയേലിൽ തടഞ്ഞുവെച്ചതായി ഗ്ലോബൽ അഫയേഴ്‌സ് കാനഡ ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. തടവിലാക്കപ്പെട്ടവർക്ക് കോൺസുലാർ സഹായം നൽകുന്നതിനായി കാനഡയിലെ ഉദ്യോഗസ്ഥർ പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും ഏജൻസി അറിയിച്ചിരുന്നു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തൻബർഗ് ഉൾപ്പെടെ ഡോക്ടർമാർ, കലാകാരന്മാർ, നിയമനിർമ്മാതാക്കൾ എന്നിവർ ഈ ഫ്ലോട്ടില്ലയുടെ ഭാഗമായിരുന്നു. നിലവിലെ സാഹചര്യത്തിൽ, കനേഡിയൻ പൗരന്മാർ പലസ്തീനിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശത്തുള്ള കനേഡിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പുനൽകാൻ സർക്കാരിന് കഴിയില്ലെന്നും ഏജൻസി പറയുന്നു.