ഓട്ടവ : “ഫ്രീഡം കോൺവോയ്” പ്രതിഷേധ സംഘാടകരായ തമാര ലിച്ച്, ക്രിസ് ബാർബർ എന്നിവർക്ക് ശിക്ഷ വിധിച്ച് ഒൻ്റാരിയോ കോടതി. ബാർബറിനെ 12 മാസത്തെ വീട്ടുതടങ്കലിനും കർശനമായ കർഫ്യൂ പാലിച്ചുകൊണ്ട് ആറ് മാസം തടവിനും ശിക്ഷിച്ചു. അതേസമയം ലിച്ചിന്റെ ശിക്ഷയുടെ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടും. ജസ്റ്റിസ് ഹീതർ പെർകിൻസ്-മക്വേയാണ് ശിക്ഷ വിധിച്ചത്. ഏപ്രിലിൽ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

കോവിഡ് മഹാമാരിക്കാലത്ത് രാജ്യാതിര്‍ത്തി കടന്ന് സര്‍വീസ് നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കിയതിനെ എതിർത്ത് പ്രതിഷേധിച്ച ഫ്രീഡം കോൺവോയ് സംഘാടകരായ ഇരുവർക്കുമെതിരെ നിയമലംഘനം, മറ്റുള്ളവരെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 2022-ലെ “ഫ്രീഡം കോൺവോയ്” പ്രതിഷേധത്തിൻ്റെ പ്രധാന വ്യക്തികളും സംഘാടകരുമായിരുന്നു തമാര ലിച്ചും ക്രിസ് ബാർബറും. ഇരുവരുടെയും നേതൃത്വത്തിൽ നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ആളുകളും ഓട്ടവ നഗരം പിടിച്ചടക്കി. നഗരത്തിലെ താമസക്കാരെയും വ്യാപാരസ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും പ്രതിഷേധം തുടരാനും അതിൽ ചേരാനും ഇരുവരും പതിവായി ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി ജസ്റ്റിസ് ഹീതർ പെർകിൻസ്-മക്വെ പറഞ്ഞിരുന്നു.