വാഷിങ്ടൺ ഡി സി : ഗാസയിലെ തന്‍റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രയേലും ഹമാസും സമ്മതിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഈ പദ്ധതി പ്രകാരം ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കുകയും ഇസ്രയേൽ പലസ്തീൻ പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിക്കുകയും ചെയ്യും. “ഇസ്രയേലും ഹമാസും സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഒപ്പുവെച്ചതായി പ്രഖ്യാപിക്കുന്നതിൽ എനിക്ക് വളരെ അഭിമാനമുണ്ട്,” ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ വെബ്‌സൈറ്റിൽ എഴുതി.

ഇസ്രായേൽ ഉദ്യോഗസ്ഥരും ഹമാസും മധ്യസ്ഥത വഹിക്കുന്ന ഖത്തറും പ്രാരംഭ കരാർ സ്ഥിരീകരിച്ചിട്ടുണ്ട്. “ദൈവത്തിന്‍റെ സഹായത്താൽ ബന്ദികളാക്കിയവരെയല്ലാം തിരികെ കൊണ്ടുവരും” ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സോഷ്യൽ മീഡിയയിൽ പറഞ്ഞു.

2023 ഒക്ടോബർ 7-ന് ഗാസയിൽ സൈനിക ആക്രമണത്തിന് കാരണമായ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം രണ്ട് വർഷവും ഒരു ദിവസവും കഴിഞ്ഞാണ് സമാധാന കരാർ വരുന്നത്. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേർ ബന്ദികളാക്കപ്പെടുകയും ചെയ്തു. ഇസ്രയേലിന്റെ പ്രതികാര സൈനിക നടപടി പതിനായിരക്കണക്കിന് പലസ്തീനികളെ കൊല്ലുകയും ഗാസയെ തകർക്കുകയും ആഗോള രാഷ്ട്രീയത്തെ തലകീഴായി മാറ്റുകയും ചെയ്തു.