വൻകൂവർ : സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ ലിക്വർ ഷോപ്പുകളിലെയും ജീവനക്കാർ പണിമുടക്ക് ആരംഭിച്ചതോടെ ബ്രിട്ടിഷ് കൊളംബിയയിലുടനീളം മദ്യവിതരണം തടസ്സപ്പെട്ടു. സ്ഥിതി ഗുരുതരമാണെന്നും തങ്ങളുടെ മദ്യം തീർന്നുപോകുന്ന അവസ്ഥയിലാണെന്നും പ്രവിശ്യയിലുടനീളമുള്ള റസ്റ്ററൻ്റ് ഉടമകൾ ആശങ്ക പ്രകടിപ്പിച്ചു.

പ്രവിശ്യാ സർക്കാരും ബി.സി. ജനറൽ എംപ്ലോയീസ് യൂണിയനും എത്രയും വേഗം ധാരണയിലെത്തണമെന്ന് റസ്റ്ററൻ്റ്സ് കാനഡയിലെ വെസ്റ്റേൺ കാനഡയുടെ വൈസ് പ്രസിഡൻ്റ് മാർക്ക് വോൺ ഷെൽവിറ്റ്സ് ആവശ്യപ്പെട്ടു. സ്വകാര്യ മദ്യശാലകൾ തുറന്നിട്ടുണ്ടെങ്കിലും റസ്റ്ററൻ്റുകൾ സർക്കാർ നടത്തുന്ന ലിക്വർ ഷോപ്പുകളിൽ നിന്നും മദ്യം വാങ്ങുന്നതിനാൽ പ്രതിസന്ധി രൂക്ഷമായതായി അദ്ദേഹം പറയുന്നു. പുതിയ വീഞ്ഞോ മദ്യമോ ലഭ്യമല്ലാത്തതിനാൽ, പല റസ്റ്ററൻ്റ് ഉടമകളും യുഎസ് മദ്യം വിളമ്പാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ആ സ്റ്റോക്കും വേഗം വിറ്റുതീർന്നതായി വോൺ ഷെൽവിറ്റ്സ് പറഞ്ഞു. വീണ്ടും സ്റ്റോക്ക് ചെയ്യാൻ ഒരു മാർഗവുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ആഴ്ച സർക്കാരും യൂണിയനും തമ്മിലുള്ള ചർച്ച സമവായത്തിലെത്താതെ പിരിഞ്ഞിരുന്നു. വേതന വർധനയാണ് ചർച്ചയിലെ പ്രധാന തടസ്സം. പണിമുടക്ക് ശക്തമാക്കി പ്രവിശ്യാ സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ ലിക്വർ-കഞ്ചാവ് ഷോപ്പുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.