കാൽഗറി: നൂറുകണക്കിന് പൈലറ്റുമാരുടെ ജോലി നഷ്ടപ്പെടാൻ കാരണമായേക്കാവുന്ന പുതിയ പ്രായപരിധി പ്രഖ്യാപിച്ചതോടെ യാത്രക്കാരിൽ നിന്നും വ്യോമയാന വിദഗ്ധരിൽ നിന്നും കടുത്ത വിമർശനം നേരിട്ട് വെസ്റ്റ്‌ജെറ്റ് എയർലൈൻസ്.
അറുപത്തിയഞ്ച് വയസ്സിനു മുകളിലുള്ള പൈലറ്റുമാരെ വിലക്കാൻ എയർലൈൻ പദ്ധതിയിടുന്നുണ്ടെന്നും, ഈ നീക്കം ഡസൻ കണക്കിന് ആളുകളെ നേരത്തെ വിരമിക്കാൻ നിർബന്ധിതരാക്കുമെന്നും വെസ്റ്റ്‌ജെറ്റ് പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന എയർ ലൈൻ പൈലറ്റ്‌സ് അസോസിയേഷൻ (ALPA) പറഞ്ഞു. യൂണിയൻ പറയുന്നതനുസരിച്ച്, 44 പൈലറ്റുമാരെ ഈ ഒക്ടോബർ 31 ന് പിരിച്ചുവിടും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 200 പേരെ കൂടി ഒഴിവാക്കുമെന്ന് എയർ ലൈൻ അറിയിച്ചതായും യൂണിയൻ പറഞ്ഞു.

“പ്രവർത്തനപരവും നിയന്ത്രണപരവുമായ സങ്കീർണ്ണത” ആണ് ഈ മാറ്റത്തിന് കാരണമെന്ന് വെസ്റ്റ്‌ജെറ്റ് പറയുന്നു. 65 വയസ്സിനു മുകളിലുള്ള പൈലറ്റുമാരെ ഇതിനകം തന്നെ വിലക്കുന്ന അന്താരാഷ്ട്ര നിയന്ത്രണങ്ങൾ എയർലൈൻ ചൂണ്ടിക്കാട്ടി.
