ഓട്ടവ : കനേഡിയൻ തടി വ്യവസായത്തിനെ കടുത്ത സമ്മർദ്ദത്തിലാക്കി പുതിയ യുഎസ് താരിഫുകൾ ചൊവ്വാഴ്ച രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സോഫ്റ്റ്‌വുഡ് തടിക്കുള്ള അധിക തീരുവയും ഫർണിച്ചറുകൾക്കുള്ള പുതിയ താരിഫുകളുമാണ് ഇന്ന് നിലവിൽ വന്നത്. കനേഡിയൻ ഉൽപാദകർ ഇതിനകം തന്നെ 35 ശതമാനത്തിൽ കൂടുതൽ ആൻ്റി-ഡമ്പിങ്, കൌണ്ടർവെയിലിങ് തീരുവകൾ നേരിടുന്നതിനാൽ, യുഎസിലേക്കുള്ള കനേഡിയൻ സോഫ്റ്റ്‌വുഡ് തടിക്ക് മൊത്തം ഇറക്കുമതി നികുതി 45 ശതമാനത്തിൽ കൂടുതലായിരിക്കുമെന്ന് ബി.സി. ലംബർ ട്രേഡ് കൗൺസിൽ അറിയിച്ചു.

കഴിഞ്ഞ മാസം, സോഫ്റ്റ്‌വുഡ് തടിയുടെ ഇറക്കുമതിക്ക് 10% താരിഫ് പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പുവച്ചിരുന്നു. കൂടാതെ കിച്ചൺ കാബിനറ്റുകൾ, വാനിറ്റികൾ തുടങ്ങിയ ചില ഫർണിച്ചറുകൾക്ക് 25% താരിഫും അദ്ദേഹം പ്രഖ്യാപിച്ചു. പുതുവർഷത്തിൽ കിച്ചൺ കാബിനറ്റുകളുടെയും വാനിറ്റികളുടെയും താരിഫ് 50 ശതമാനമായി ഉയരും. അതേസമയം മറ്റ് അപ്ഹോൾസ്റ്റേർഡ് തടി ഉൽപ്പന്നങ്ങളുടെ താരിഫ് ജനുവരി 1 മുതൽ 30 ശതമാനമായി വർധിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡയുടെ സോഫ്റ്റ്‌വുഡ് തടി മേഖല ആൻ്റി-ഡമ്പിങ് നിയമങ്ങൾ ലംഘിക്കുന്നതായി ആരോപിച്ചാണ് താരിഫ് വർധനയുമായി യുഎസ് മുന്നോട്ടുപോയത്. കനേഡിയൻ സോഫ്റ്റ്‌വുഡ് തടിയുടെ തീരുവ ഏകദേശം മൂന്നിരട്ടിയായി 20 ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കാൻ യുഎസ് വാണിജ്യ വകുപ്പ് കഴിഞ്ഞ മാസം പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.