വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ കെലോവ്ന രാജ്യാന്തര വിമാനത്താവളത്തിൽ സൈബർ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സൈബർ ആക്രമണത്തിൽ ചില വിമാന സർവീസുകൾ വൈകി. ഹമാസ് അനുകൂല ഹാക്കർമാർ വിമാനത്താവളത്തിലെ ടെർമിനൽ ഇൻഫർമേഷൻ സ്‌ക്രീനുകളിലും പബ്ലിക് അഡ്രസ് സിസ്റ്റത്തിലും ആക്‌സസ് നേടിയതായി എയർപോർട്ട് സിഇഒ സാം സമദ്ദർ അറിയിച്ചു.

“ഇസ്രയേൽ യുദ്ധത്തിൽ പരാജയപ്പെട്ടു, ഹമാസ് വിജയിച്ചു”, “You are a Pig, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്” തുടങ്ങിയ ഹമാസ് അനുകൂല സന്ദേശങ്ങൾ ടെർമിനൽ ഇൻഫർമേഷൻ സ്‌ക്രീനുകളിൽ തെളിഞ്ഞതായി അധികൃതർ റിപ്പോർട്ട് ചെയ്തു. കൂടാതെ ഹാക്കർമാർ പബ്ലിക് അഡ്രസ് സ്പീക്കറുകൾ ഉപയോഗിച്ച് ഓഡിയോ സന്ദേശങ്ങൾ പ്ലേ ചെയ്തു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആർസിഎംപി അറിയിച്ചു. കൂടാതെ സൈബർ ആക്രമണത്തെക്കുറിച്ച് കനേഡിയൻ സെന്‍റർ ഫോർ സൈബർ സെക്യൂരിറ്റിയും ട്രാൻസ്പോർട്ട് കാനഡയും വെവ്വേറെ അന്വേഷണം നടത്തും.