എഡ്മിന്‍റൻ : പ്രവിശ്യയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മീഷൻ രൂപീകരിക്കുമെന്ന് ആൽബർട്ട പ്രിമീയർ ഡാനിയേൽ സ്മിത്ത്. പ്രവിശ്യാവ്യാപകമായ അധ്യാപക സമരം അവസാനിച്ചതിനു ശേഷമായിരിക്കും വിദ്യാഭ്യാസ കമ്മീഷന് രൂപം നൽകുകയെന്നും അവർ വ്യക്തമാക്കി. സ്കൂളുകളിലെ അധ്യാപക-വിദ്യാർത്ഥി അനുപാതം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവിശ്യയ്ക്ക് പുതിയ പദ്ധതികൾ ആവശ്യമാണെന്നും പ്രീമിയർ പറഞ്ഞു. ആൽബർട്ടയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പഠിക്കുന്നതിനായി 2002 ലെ അവസാന അധ്യാപക സമരത്തിന് ശേഷം ഒരു കമ്മീഷൻ രൂപീകരിച്ചിരുന്നു. അതേസമയം പണിമുടക്ക് അവസാനിപ്പിക്കാൻ ഇരുവിഭാഗവും എപ്പോൾ ചർച്ച ആരംഭിക്കുമെന്ന് വ്യക്തമല്ല.

ഒക്ടോബർ ആറ് മുതൽ പണിമുടക്കുന്ന 51,000 അധ്യാപകരെ പ്രതിനിധീകരിക്കുന്ന യൂണിയനുമായി ചർച്ചയിലൂടെ ഒത്തുതീർപ്പിൽ എത്തണമെന്നും സ്മിത്ത് നിർദ്ദേശിച്ചു. പണിമുടക്കിലെ പ്രധാന തടസ്സങ്ങൾ വേതന വർധന, അധ്യാപക-വിദ്യാർത്ഥി അനുപാതം, സുരക്ഷ തുടങ്ങിയവയാണ്. അതേസമയം, വിദ്യാഭ്യാസ കമ്മീഷനോ കമ്മറ്റികളോ അല്ല മറിച്ച് വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അധ്യാപകരെ പ്രതിനിധീകരിക്കുന്ന ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ജേസൺ ഷില്ലിങ് പറയുന്നു.

ഒക്ടോബർ 27 ന് നിയമസഭ സമ്മേളനം ആരംഭിക്കുമ്പോഴും സമരം തുടരുകയാണെങ്കിൽ, പ്രശ്നം പരിഹരിക്കാൻ back-to-work legislation പരിഗണിക്കുമെന്നും ധനകാര്യ മന്ത്രി നേറ്റ് ഹോർണർ സൂചന നൽകി. എന്നാൽ പ്രതിപക്ഷം ഈ നീക്കത്തെ എതിർക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രവിശ്യയിലെ 2,500 സ്കൂളുകളിലായി 7.4 ലക്ഷം വിദ്യാർത്ഥികളെയാണ് അധ്യാപക സമരം ബാധിച്ചത്.