ഓട്ടവ : കനേഡിയൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് എക്സ്പോർട്ട് ഡെവലപ്‌മെൻ്റ് കാനഡ (EDC) റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് നയങ്ങളുമായി ബന്ധപ്പെട്ട ആഗോള മാന്ദ്യത്തിന്‍റെ ഭാഗമാണിതെന്നും ക്രൗൺ കോർപ്പറേഷൻ പറയുന്നു. 2025-ൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥ 0.9% മാത്രമായിരിക്കും വളരുകയെന്ന് EDC പ്രവചിക്കുന്നു. അടുത്ത വർഷം ഇത് നേരിയ വർധനയോടെ ഒരു ശതമാനത്തിലെത്തും. ഈ വർഷത്തെ കാനഡയുടെ വളർച്ചാ നിരക്ക് അമേരിക്കയേക്കാളും (1.7 ശതമാനം) മറ്റ് വികസിത രാജ്യങ്ങളേക്കാളും ദുർബലമാണ്. എന്നാൽ, ജർമ്മനിയെയും ഫ്രാൻസിനെയും അപേക്ഷിച്ച് ശക്തമാണെന്നും കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. ജനസംഖ്യാ വളർച്ച, പരിമിതമായ നിക്ഷേപം മൂലമുള്ള കുറഞ്ഞ ഉൽപ്പാദനക്ഷമത, ഉയർന്ന ഉപഭോക്തൃ കടം തുടങ്ങിയ പ്രശ്നങ്ങൾ മൂലം കനേഡിയൻ സമ്പദ്‌വ്യവസ്ഥ ഇടക്കാലത്തേക്ക് തടസ്സപ്പെടുമെന്ന് EDC റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വ്യാപാരത്തിലെ പിരിമുറുക്കങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലച്ചതായി ഇഡിസി ചീഫ് ഇക്കണോമിസ്റ്റ് സ്റ്റുവർട്ട് ബെർഗ്മാൻ പറയുന്നു. കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം, ചെമ്പ് ഉൽപ്പന്നങ്ങൾ, മോട്ടോർ വാഹനങ്ങൾ, ഭാഗങ്ങൾ, തടി എന്നിവയ്ക്ക് ട്രംപ് കനത്ത തീരുവ ചുമത്തിയിട്ടുണ്ട്. ഒപ്പം കനോല, പന്നിയിറച്ചി, സമുദ്രോത്പന്നങ്ങൾ എന്നിവയ്ക്ക് ചൈന താരിഫ് വർധിപ്പിച്ചതും പ്രതിസന്ധി രൂക്ഷമാക്കിയതായി EDC ചൂണ്ടിക്കാട്ടുന്നു. ഇതിൻ്റെ ഫലമായി കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് വർധിക്കുകയും ബിസിനസ്സ് നിക്ഷേപം കുറയുകയും ചെയ്തിട്ടുണ്ട്. കൂടാതെ എണ്ണവിലയിൽ 15% ഇടിവുണ്ടായത് ആൽബർട്ടയെയും മറ്റ് ഊർജ്ജ മേഖലകളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.