വൻകൂവർ : ജോൺ റസ്റ്റാഡിന്‍റെ നേതൃത്വത്തിന് മറ്റൊരു തിരിച്ചടിയായി പെൻ്റിക്റ്റൺ-സമ്മർലാൻഡ് എംഎൽഎ അമേലിയ ബോൾട്ട്ബി ബിസി കൺസർവേറ്റീവ് കോക്കസിൽ നിന്നും രാജിവെച്ചു. റസ്റ്റാഡുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം പാർട്ടി വിടുന്ന അഞ്ചാമത്തെ എംഎൽഎയാണ് അമേലിയ. അതേസമയം നിയമസഭയിൽ ന്യൂനപക്ഷ ബിസി എൻഡിപി സർക്കാരിന് ഈ രാജി കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

തന്‍റെ രാജി രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ടതല്ല, പകരം അംഗത്വ അഴിമതിയുമായി ബന്ധപ്പെട്ടതാണെന്നും അത് സത്യസന്ധതയുടെ വിഷയമാണെന്നും അമേലിയ പറയുന്നു. കോക്കസിലെ സ്ത്രീകളുടെ കാര്യത്തിൽ ലീഡർ ജോൺ റസ്റ്റാഡിന് വ്യക്തമായ അജണ്ട ഉണ്ട്. അദ്ദേഹം നിരവധി സ്ത്രീകളെ കോക്കസിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും അവർ ആരോപിച്ചു. ജോൺ റസ്റ്റാഡ് രാജി വെയ്ക്കണമെന്ന് അമേലിയ ആവശ്യപ്പെട്ടു. റസ്റ്റാഡിനെതിരെ പ്രവർത്തിച്ചുവെന്നാരോപിച്ച് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട എംഎൽഎ എലനോർ സ്റ്റർക്കോയുമായി സഹകരിക്കുമെന്നും, എന്നാൽ റസ്റ്റാഡിനെ പുറത്താക്കിയാൽ പാർട്ടിയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അമേലിയ പറഞ്ഞു.
