വാഷിങ്ടൺ: യുക്രെയ്ൻ വിഷയവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ട്രംപ്-പുടിൻ ഉന്നതതല കൂടിക്കാഴ്ച റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ ബുഡാപെസ്റ്റിൽ വെച്ച് വീണ്ടും കണ്ടുമുട്ടുന്നത് ഫലപ്രദമായിരിക്കില്ല എന്ന ട്രംപിന്റെ വിലയിരുത്തലിനെ തുടർന്നാണ് നീക്കം. രണ്ടാഴ്ചക്കുള്ളിൽ കൂടിക്കാഴ്ച നടക്കുമെന്ന് ട്രംപ് തന്നെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ റദ്ദാക്കൽ .
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നയതന്ത്ര നീക്കങ്ങൾ സജീവമായിരിക്കെയാണ് ട്രംപിന്റെ പിൻമാറ്റം. യുക്രെയ്ന് ദീർഘദൂര മിസൈലുകൾ നൽകുന്ന വിഷയത്തിലുള്ള തർക്കങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സെലെൻസ്കിയുമായുള്ള സംഭാഷണത്തിന് മുമ്പ് പുടിനുമായി സംസാരിച്ചിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തിയിരുന്നു. മിസൈലുകളില്ലാതെ തന്നെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന നിലപാടാണ് അദ്ദേഹം സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയിൽ സ്വീകരിച്ചത്.

നിലവിൽ ഇരുപക്ഷവും തമ്മിൽ ചർച്ച നടന്ന സാഹചര്യത്തിൽ പ്രസിഡന്റുമാർ തമ്മിലുള്ള കൂടിക്കാഴ്ചയുടെ അടിയന്തര ആവശ്യമില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും തമ്മിൽ ഫലപ്രദമായ സംഭാഷണം നടന്നതായും അതിനാൽ ട്രംപിന് പുടിനുമായി അടുത്തൊന്നും കൂടിക്കാഴ്ച നടത്താൻ പദ്ധതിയില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.
