മൺട്രിയോൾ : അടുത്ത മേയറെയും സിറ്റി കൗൺസിലർമാരെയും തിരഞ്ഞെടുക്കാൻ മൺട്രിയോൾ നിവാസികൾ നവംബർ 2 ന് പോളിങ് ബൂത്തിലേക്ക് എത്തും. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിദ്യാർത്ഥികൾക്കായുള്ള മുൻകൂർ വോട്ടിങ് നഗരത്തിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കൂടാതെ 29 വരെ റിട്ടേണിങ് ഓഫീസറുടെ ഓഫീസുകളിലും നേരത്തെ വോട്ട് ചെയ്യാൻ സൗകര്യമുണ്ട്. ഒക്ടോബർ 26 ഞായറാഴ്ച നടന്ന മുൻകൂർ വോട്ടിങ്ങിൽ 9.3% പേർ വോട്ട് ചെയ്തതായി ഇലക്ഷൻസ് മൺട്രിയോൾ അറിയിച്ചു.

മൺട്രിയോൾ നഗരമധ്യത്തിലുള്ള കോൺകോർഡിയ സർവകലാശാലയിൽ വിദ്യാർത്ഥികൾക്കായി പോളിങ് ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും വോട്ടുചെയ്യാൻ യോഗ്യതയുള്ളതുമായ എല്ലാ കോൺകോർഡിയ വിദ്യാർത്ഥികൾക്കും, ഫാക്കൽറ്റിക്കും, ജീവനക്കാർക്കും ഇന്ന് മുതൽ 29 വരെ കാമ്പസിൽ വോട്ടുചെയ്യാം. സർ ജോർജ് വില്യംസ് കാമ്പസിലെ ഇ.വി. ആട്രിയത്തിലും ലയോള ജെസ്യൂട്ട് ഹാളിലെയും കോൺഫറൻസ് സെന്ററിലെയും റൂം RF-110 ലും പോളിങ് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. രണ്ട് കാമ്പസുകളിലും ഒക്ടോബർ 27 തിങ്കളാഴ്ചയും ഒക്ടോബർ 28 ചൊവ്വാഴ്ചയും രാവിലെ 10 മുതൽ രാത്രി 8 വരെയും ഒക്ടോബർ 29 ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയും വോട്ടെടുപ്പ് നടക്കും.
