മൺട്രിയോൾ: നിലവാരമില്ലാത്ത താമസസൗകര്യങ്ങൾ നൽകുന്ന ഭൂവുടമകൾക്ക് പിഴ വർദ്ധിപ്പിക്കുക, ഒഴിപ്പിക്കപ്പെടുന്ന വാടകക്കാർക്ക് സഹായം നൽകുന്ന പിന്തുണാ പദ്ധതി ആരംഭിക്കുക എന്നിവ ഉൾപ്പെടെയുള്ള പ്രധാന വാഗ്ദാനങ്ങളുമായി പ്രോജെറ്റ് മൺട്രിയോൾ മേയർ ലൂക്ക് റാബൂയിൻ. തിരഞ്ഞെടുക്കപ്പെട്ടാൽ മൺട്രിയോളിൽ താമസിക്കുന്ന ആളുകൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരം നൽകുമെന്നും നടപടികളെല്ലാം പ്രാബല്യത്തിലാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്തി അവയെ വാടക വിപണിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതിയും പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. ഇത് മൂന്ന് വർഷത്തിനുള്ളിൽ 21 മില്യൺ ഡോളർ വരുമാനം നേടാൻ സഹായിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. വീഴ്ച വരുത്തുന്ന ഭൂവുടമകൾക്കെതിരെ മുനിസിപ്പൽ ഇടപെടലുകൾ ശക്തമാക്കുമെന്നും സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങൾക്ക് ചെറിയ ലോണുകൾ നൽകുന്ന വാടക സഹായ ഫണ്ട് സ്ഥാപിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

റിപ്പോർട്ടുകൾ പ്രകാരം മൺട്രിയോൾ നിവാസികളിൽ മൂന്നിൽ രണ്ട് ഭാഗവും വാടകക്കാരാണ്. മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള ഈ ജനവിഭാഗത്തെ വിപണിയിലെ വാടക വീടുകൾ നഷ്ടപ്പെടുമെന്ന ഭീതിയിൽ നിന്നും സംരക്ഷിക്കണമെന്നും റാബൂയിൻ ആവശ്യപ്പെട്ടു. ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കുക വഴി വാടകക്കാർക്ക് മാന്യമായ ജീവിതം നയിക്കാൻ സാധിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
