വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ഡ്രൈവർമാർക്ക് ആശ്വാസിക്കാം. അടുത്ത സ്പ്രിങ് സീസൺ വരെ വാഹന ഇൻഷുറൻസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ബ്രിട്ടിഷ് കൊളംബിയ (ഐസിബിസി) അറിയിച്ചു. തുടർച്ചയായ ഏഴാം വർഷമാണ് ഐസിബിസി നിരക്ക് വർധന ഒഴിവാക്കുന്നത്. 2026-27 സാമ്പത്തിക വർഷം വരെ നിരക്ക് വർധിപ്പിക്കില്ലെന്നും അടിസ്ഥാന ഇൻഷുറൻസ് നിരക്കുകൾ സ്ഥിരമായി നിലനിർത്തുന്നത് ജനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അറ്റോർണി ജനറലും ഐസിബിസിയുടെ ചുമതലയുമുള്ള മന്ത്രിയായ നിക്കി ശർമ്മ പറഞ്ഞു.

നിരക്കുകൾ സ്ഥിരമായി നിലനിർത്തുന്നതിലൂടെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിലും ഓൺലൈൻ സേവനങ്ങൾ വിപുലീകരിക്കുന്നതിലും കോർപ്പറേഷന് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് ഐസിബിസി ഇടക്കാല സിഇഒ-യും പ്രസിഡൻ്റുമായ ജേസൺ മക്ഡാനിയൽ വ്യക്തമാക്കി. അതേസമയം 2027-28 സാമ്പത്തിക വർഷം നിരക്ക് വർധിപ്പിക്കുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
