ഓട്ടവ : പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ആദ്യ ബജറ്റിന് മുന്നോടിയായി പൊതുമേഖലാ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (പിഎസ്എസി) മുന്നറിയിപ്പ് നൽകി. സർക്കാർ ജീവനക്കാരുടെ എണ്ണം കോവിഡ് മഹാമാരിക്കാലത്തിന് മുമ്പുള്ള നിലയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു. സിവിൽ സർവീസിനെ സുസ്ഥിരമായ നിലയിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്. വരാനിരിക്കുന്ന ബജറ്റിൽ ഈ മാറ്റങ്ങളുണ്ടാകും, മന്ത്രി വ്യക്തമാക്കി.

ധനമന്ത്രി നിർദ്ദേശിച്ച മാറ്റങ്ങൾ പ്രകാരം ഏകദേശം 70,000 പൊതു സേവന ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് PSAC ദേശീയ പ്രസിഡൻ്റ് ഷാരോൺ ഡിസൂസ പറയുന്നു. ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടുന്നത് അത്യാവശ്യ പൊതുസേവനങ്ങൾ നൽകുന്നതിൽ കനത്ത തടസ്സത്തിന് കാരണമാകുമെന്നും ഷാരോൺ പറഞ്ഞു. ഇത്തരത്തിലുള്ള സമീപനം പൊതുമേഖലയെ തകർക്കും. കുടുംബങ്ങൾ, വിമുക്തഭടന്മാർ, മുതിർന്ന പൗരന്മാർ എന്നിവർക്കായുള്ള പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നും അവർ അറിയിച്ചു. നവംബർ 4-ന് പ്രധാനമന്ത്രി മാർക്ക് കാർണി ഫെഡറൽ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി നിക്ഷേപം അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഈ പദ്ധതിക്ക് ‘ചില വിട്ടുവീഴ്ചകൾ’ ആവശ്യമായി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
