എഡ്മിന്‍റൻ : മൂന്നാഴ്ചത്തെ അധ്യാപക സമരത്തിന്‍റെ പശ്ചാത്തലത്തിൽ പ്രവിശ്യയിലെ 12-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി ജനുവരിയിൽ നടത്താനിരുന്ന ഡിപ്ലോമ പരീക്ഷകൾ റദ്ദാക്കിയതായി ആൽബർട്ട സർക്കാർ. കൂടാതെ ഗ്രേഡ് 9 പ്രൊവിൻഷ്യൽ അച്ചീവ്‌മെന്റ് ടെസ്റ്റുകളും റദ്ദാക്കിയിട്ടുണ്ട്. ഈ റദ്ദാക്കൽ പ്രവിശ്യയിലെ എല്ലാ സ്‌കൂളുകൾക്കും ബാധകമായിരിക്കും.

റദ്ദാക്കിയ പരീക്ഷകൾ വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ അക്കാദമിക് വർഷത്തിൻ്റെ ശേഷിക്കുന്ന കാലയളവിൽ, 2026 ഏപ്രിലിലോ ജൂണിലോ, ഓപ്ഷണൽ അടിസ്ഥാനത്തിൽ എഴുതാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് പ്രവിശ്യാ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്ക് സ്കൂൾ നൽകുന്ന മാർക്ക് അവസാന ഗ്രേഡായി ലഭിക്കും. എന്നാൽ, ഇത് വിദ്യാർത്ഥികളുടെ ബിരുദ നേട്ടത്തിനോ അല്ലെങ്കിൽ പോസ്റ്റ്-സെക്കൻഡറി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനോ ഒരു തരത്തിലും തടസ്സമാകില്ല.
