നോട്ടിങ്ങാം : ബ്രിട്ടനിൽ മലയാളിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നോട്ടിങ്ങാമിന് സമീപം മാന്‍സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശി സെബിന്‍ രാജ് വർഗീസ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ യുകെ സമയം 8 മണിക്കാണ് സെബിനെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കിഴക്കമ്പലം മുൻ ഗ്രാമപഞ്ചായത്ത് അംഗം പഴങ്ങനാട് കൊടിയൻ വീട്ടിൽ കെ. പി. വർഗീസ് കൊടിയൻ, പരേതയായ അൽഫോൻസ വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ റെയ്‌സ. മക്കള്‍ : അനേയ സെബിന്‍, അലോസ സെബിന്‍. സഹോദരങ്ങൾ : ഫാ. പോൾ രാജ് കൊടിയൻ, ട്രീസ വർഗീസ്. സംസ്കാരം പിന്നീട്.

മാന്‍സ്ഫീല്‍ഡ് കിങ്‌സ് മിൽ എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് ഹോസ്പിറ്റൽ അധികൃതർ അന്വേഷിച്ചതിനെ തുടർന്നാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. സ്കൂൾ അവധി ആയതിനാൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന കുട്ടികൾക്കായുള്ള സ്ലീപ്പോവറിൽ പങ്കെടുക്കാൻ ഭാര്യ റെയ്‌സയും രണ്ടു മക്കളും മറ്റൊരു വീട്ടിലാണ് കഴിഞ്ഞ ദിവസം താമസിച്ചിരുന്നത്. സെബിന് ഇന്ന് രാവിലെ ഡ്യൂട്ടി ഉള്ളതിനാൽ സ്ലീപ്പോവറിൽ പങ്കെടുത്തിരുന്നില്ല. ഹോസ്പിറ്റലിൽ നിന്നും സെബിനെ വിളിച്ചിട്ട് കിട്ടാഞ്ഞതിനാൽ ഭാര്യ ഉടൻ തന്നെ വീട്ടിലേക്ക് എത്തുകയായിരുന്നു. തുടർന്ന് വാതില്‍ തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുള്ള സെബിനെ കണ്ടത്. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം.
