ന്യൂയോർക്ക് : ന്യൂയോര്‍ക്ക് സിറ്റിയുടെ നായകന്‍ ആരെന്നു ഇന്നറിയാം. മേയര്‍ ഫലം ഇന്ന് പുറത്തുവരുമ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാർത്ഥിയും ഇന്ത്യന്‍ വംശജനുമായ സൊഹ്‌റാന്‍ മംദാനിക്കാണ് കൂടുതല്‍ സാധ്യത. ഉഗാണ്ടന്‍ എഴുത്തുകാരനും ഇന്ത്യന്‍ വംശജനുമായ മഹ്മൂദ് മാംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്‌റാന്‍ മാംദാനി.

ഇന്ന് രാവിലെ ആറു മുതല്‍ രാത്രി ഒന്‍പതു വരെയാണ് വോട്ടെടുപ്പ്. മുൻകൂർ വോട്ടിങ് ഒക്ടോബര്‍ 25ന് ആരംഭിച്ച് കഴിഞ്ഞ ഞായറാഴ്ച്ച അവസാനിച്ചിരുന്നു. മംദാനിയ്ക്ക് പുറമെ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവ എന്നിവരാണ് മത്സരരംഗത്തുള്ളത്. വാടക കുറയ്ക്കാനും ജീവിതച്ചെലവ് താഴ്ത്താനുമുള്ള പദ്ധതികളാണ് മംദാനി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായി മുന്നോട്ടുവെച്ചത്. 34 വയസ്സുള്ള മംദാനിക്ക് പ്രചാരണത്തില്‍ ഉള്‍പ്പെടെ മുന്‍തൂക്കം ലഭിച്ചിരുന്നു.
