വാഷിങ്ടൺ : അമേരിക്കയില്‍ അടച്ചുപൂട്ടല്‍ ഒരു മാസം പിന്നിട്ടതിനു പിന്നാലെ വ്യോമഗതാഗതമേഖല അതിരൂക്ഷമായ പ്രതിസന്ധിയില്‍. ജീവനക്കാരുടെ ക്ഷാമം കാരണം വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും പതിവായതോടെ, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി രാജ്യത്തെ വ്യോമപാതകൾ താൽക്കാലികമായി അടച്ചിടേണ്ടി വന്നേക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു. ഷട്ട്ഡൗണിനെ തുടര്‍ന്നു ജോലിക്ക് ഹാജരാകേണ്ട എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാർ അവധി എടുക്കുന്നത് വിമാന സര്‍വീസുകളെ ഗുരുതരമായി ബാധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഷട്ട്ഡൗണ്‍ ഒരാഴ്ച കൂടി നീണ്ടുനിന്നാല്‍ പ്രതിസന്ധി രൂക്ഷമാകും. വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കുന്ന അവസ്ഥ ഉണ്ടാകും.എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ഇല്ലാത്തതിനാല്‍ കൈകാര്യം ചെയ്യുന്നതിലും പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യത്തിന് കണ്‍ട്രോളര്‍മാര്‍ ഇല്ലെങ്കില്‍, വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ വിമാനക്കമ്പനികളോട് റദ്ദാക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്യും. ഇത് ലക്ഷക്കണക്കിന് വിമാനയാത്രക്കാരുടെ യാത്രാപദ്ധതികളെ താളം തെറ്റിച്ചേക്കും. വരും ദിവസങ്ങളിൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർ തങ്ങളുടെ യാത്രകൾക്ക് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
