ന്യൂഡൽഹി: ഹരിയാനയിലെ തിരഞ്ഞെടുപ്പിൽ തന്റെ ചിത്രം ദുരുപയോഗം ചെയ്ത സംഭവത്തിന്റെ ഞെട്ടൽ മാറിയില്ലെന്ന് ബ്രസീലിയൻ മോഡൽ ലാരിസ ബൊണേസി. സാമൂഹിക മാധ്യമങ്ങളിലായിരുന്നു ലാരിസ വീഡിയോ ഷെയർ ചെയ്തത്. ഇന്ത്യൻ തിരഞ്ഞെടുപ്പിനെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഇന്ത്യയിൽ വോട്ടിനായി തന്റെ ചിത്രം ദുരുപയോഗം ചെയ്യുകയാണെന്നും അവർ പറഞ്ഞു. പോർച്ചുഗീസ് ഭാഷയിലായിരുന്നു പ്രതികരണം. സുഹൃത്തുക്കളെ, ഒരു ഞെട്ടിപ്പിക്കുന്ന തമാശ പറയാം. ഇന്ത്യയിൽ വോട്ടിനായി എന്റെ ചിത്രം അവർ ഉപയോഗിച്ചു. എന്റെ പഴയൊരു ഫോട്ടോ എടുത്ത് പരസ്പരം യുദ്ധം ചെയ്യാൻ എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിക്കുന്നത് എന്ത് ഭ്രാന്താണ് ഇതെന്നും അവർ ചോദിച്ചു.

രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകളിൽ ഉള്ളത് തന്റെ പഴയ ചിത്രമാണെന്നും ഇന്ത്യൻ രാഷ്ട്രീയവുമായി യാതൊരു ബന്ധവും തനിക്കില്ലെന്നും അവർ പറഞ്ഞു. എന്റെ അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചത്. ഞാൻ ഒരിക്കലും ഇന്ത്യയിൽ പോയിട്ടില്ല. ഇപ്പോൾ മോഡൽ രംഗം വിട്ട താൻ ബ്രസീലിയൻ ഡിജിറ്റൽ ഇൻഫ്‌ളുവൻസറായാണ് പ്രവർത്തിക്കുന്നത്. ഇന്ത്യക്കാരെ സ്‌നേഹിക്കുന്നതായും അവർ വീഡിയോയിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിനു പിന്നാലെ തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിന്റെ എണ്ണം കൂടി. നിരവധി ഇന്ത്യക്കാരെയാണ് തനിക്ക് ഫോളോവേഴ്‌സ് ആയി ലഭിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.
