കാൽഗറി : നഗരത്തിലെ ക്രമസമാധാനനില തകരുന്ന സാഹചര്യത്തിൽ, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനായി ‘സേഫർ കാൽഗറി ഓപ്പറേഷൻ ഓർഡർ’ എന്ന പ്രത്യേക ദൗത്യം ആരംഭിച്ച് കാൽഗറി പൊലീസ്. കഴിഞ്ഞ എട്ട് മാസമായി കുറ്റകൃത്യങ്ങളിലും സാമൂഹിക അസ്വസ്ഥതകളിലും കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് പൊലീസ് മേധാവി കേറ്റി മക്ലെല്ലൻ അറിയിച്ചു. നിയമം അനുസരിക്കുന്ന പൗരന്മാർക്കായി പൊതു ഇടങ്ങൾ തിരിച്ചുപിടിക്കുക, സഹായം ആവശ്യമുള്ളവർക്ക് സേവനങ്ങൾ ലഭ്യമാക്കുക, ഒപ്പം ക്രിമിനൽ പ്രവർത്തനങ്ങൾ ഇല്ലാതാക്കുക എന്നിവയാണ് ഈ സംയുക്ത ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം.

പൊലീസിനൊപ്പം ബൈലോ ഓഫീസർമാർ, ട്രാൻസിറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ, സാമൂഹിക ഏജൻസി പങ്കാളികൾ എന്നിവരും ഈ ഓപ്പറേഷനിൽ ചേരും. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന അക്രമ നിരക്കാണ് ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ നഗരത്തിൽ രേഖപ്പെടുത്തിയത്. അതിക്രമിച്ചു കയറൽ, ശല്യപ്പെടുത്തലുകൾ, മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികളും വർധിച്ചതായി അധികൃതർ പറയുന്നു. ഈ പ്രവണതകൾ തിരുത്താനായി ഡൗൺടൗൺ കൊമേഴ്‌സ്യൽ കോർ, ചൈനാടൗൺ ഉൾപ്പെടെ ആറ് മേഖലകളിലാണ് ഈ സംയുക്ത സേന ഇപ്പോൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
