ഡബ്ലിന്‍ : അയർലൻഡിലെ നഴ്സിങ് ഹോമുകളെയും ആശുപത്രികളെയും പ്രതിസന്ധിയിലാക്കി വീണ്ടും കോവിഡ്. ഒക്ടോബറിൽ മാത്രം കുറഞ്ഞത് 1,500 പേരെയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. രോഗബാധിതരിൽ ഭൂരിഭാഗവും 65 വയസും അതിൽ കൂടുതലുമുള്ളവരാണ്. ഡബ്ലിനിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഐസിയു പ്രവേശനം കുറവാണെങ്കിലും ഒക്ടോബറിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, സമീപകാല കണക്കുകൾ പ്രകാരം കോവിഡ് വ്യാപനത്തിൻ്റെ തോത് കുറയുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 37% കുറവുണ്ടായാണ് കണക്കുകൾ. ഒരു മാസത്തിന് മുൻപ് ആഴ്ചയിൽ 600 കേസുകൾ ഉണ്ടായിരുന്നത് നിലവിൽ 221 ആയി കുറഞ്ഞു. എക്സ്എഫ്ജി (XFG) വകഭേദമാണ് ഇപ്പോഴും പ്രബലമായി കാണുന്നത്. നഴ്സിങ് ഹോമുകളിലെ കേസുകൾ ഏപ്രിലിനെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും, ആശുപത്രികളിൽ ഇപ്പോഴും സ്ഥിരമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
