ടെൽ അവീവ്: ഗാസയിൽ ഹമാസിനെ നശിപ്പിക്കുന്ന ദൗത്യം തുടരുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. ഹമാസിന്റെ തുരങ്കങ്ങൾ തകർത്ത് ഗാസയെ നിരായുധീകരിക്കുമെന്നും ഹമാസ് അംഗങ്ങളെ ഇല്ലാതാക്കുമെന്നും മഞ്ഞ വരയ്ക്ക് അകത്തായി തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലെല്ലാം ആക്രമണം തുടരുമെന്നും ഇസ്രയേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകി. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ അതിനൊപ്പം തന്നെ ഹമാസിനെ നിരായുധീകരിക്കുക എന്നതും പ്രധാനമാണ്. ഗാസയെ സൈനിക വിമുക്തമാക്കണം. അതാണ് ഇസ്രയേൽ നയം. ഹമാസിനെ ഇല്ലാതാക്കാൻ ഐ.ഡി.എഫ് യാതൊരു പരിമിതികളും ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു.

വെടിനിർത്തൽ പദ്ധതിയുടെ ഭാഗമായി ഹമാസ് അംഗങ്ങളെ സുരക്ഷിതമായി കടന്നു പോകാൻ അനുവദിക്കണമെന്ന് യു.എസ് ശക്തമായി ആവശ്യപ്പെടുമ്പോൾ അതൊരിക്കലും സാധ്യമല്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് തങ്ങൾ ഒരടി പോലും പുറകോട്ടില്ലെന്ന തരത്തിൽ പ്രതിരോധമന്ത്രി നയം പ്രഖ്യാപിച്ചത്. തെക്കൻ ഇസ്രയേലിനെതിരായ ആക്രമണത്തിൽ 2,200 ഓളം പേർ കൊല്ലപ്പെടുകയും 252 ഇസ്രയേൽ പൗരൻമാരെയും വിദേശികളെയും ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. അഞ്ച് ഇസ്രയേൽ പൗരൻമാരുടെയും രണ്ട് വിദേശ പൗരൻമാരുടെയും മൃതദേഹങ്ങൾ ഇപ്പോഴും ഗാസയിൽ സൂക്ഷിച്ചിരിക്കുകയാണ്.
