ടൊറന്റോ: 2025-ലെ ഫെഡറൽ ബജറ്റ് പ്രഖ്യാപനങ്ങളിൽ ശ്രദ്ധേയമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), ക്വാണ്ടം ടെക്നോളജി മേഖലകളിലെ 90 കോടി ഡോളർ നിക്ഷേപം. അതിവേഗം വളരുന്ന ഈ സാങ്കേതിക മേഖലകളിൽ കാനഡയുടെ മുൻനിര സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമാണിത്. കൂടാതെ ഈ നിക്ഷേപം നിലവിലുള്ള ഫണ്ടുകൾക്ക് കൂടുതൽ കരുത്തുപകരുമെന്ന് എഐ മന്ത്രി ഇവാൻ സോളമൻ അഭിപ്രായപ്പെട്ടു.

വാട്ടർലൂ റീജിനൽ പോലുള്ള സാങ്കേതിക കേന്ദ്രങ്ങൾക്ക് ഈ നിക്ഷേപം വലിയ ഉണർവ് നൽകുമെന്ന് കമ്മ്യൂണിടെക് സിഇഒ ഷെൽഡൺ മക്കോർമിക് പറഞ്ഞു. ഇത് പ്രാദേശിക കമ്പനികൾക്ക് മൂലധനം കണ്ടെത്താനും സർക്കാർ കരാറുകൾ നേടാനും സഹായകമാകും. എഐ രംഗത്ത് മുന്നിട്ട് നിൽക്കുന്ന കമ്പനികൾക്ക് ഈ നിക്ഷേപം പ്രൊസസിങ് കപ്പാസിറ്റി വർദ്ധിപ്പിക്കാനും പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഐ നിക്ഷേപം ഭാവിക്ക് വേണ്ടി മാത്രമല്ല കമ്മ്യൂണിറ്റികൾ, ആശുപത്രികൾ, റോഡുകൾ തുടങ്ങിയ നിലവിലെ മേഖലകളിലും ഉടനടി സ്വാധീനം ചെലുത്തുമെന്ന് മന്ത്രി സോളമൻ വ്യക്തമാക്കി. ദേശീയ പ്രതിരോധം ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിലും പ്രയോജനം ലഭ്യമാണ്. പ്രഖ്യാപിച്ച പിന്തുണ എത്ര വേഗത്തിൽ കമ്പനികളിലേക്ക് എത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ നിക്ഷേപത്തിൻ്റെ യഥാർത്ഥ വിജയം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
