ഒട്ടാവ: കാനഡയിലെ ഏറ്റവും സന്തോഷമുള്ള നഗരങ്ങളുടെ പട്ടിക പുറത്ത് വിട്ട് ലെഗര്‍ ഹാപ്പി സിറ്റീസ് 2025. റിപ്പോര്‍ട്ട് പ്രകാരം മിസ്സിസാഗയും മണ്‍ട്രിയോളും മാത്രമാണ് ദേശീയ സന്തോഷ സൂചികയേക്കാള്‍ ഉയര്‍ന്ന സ്ഥാനത്തെത്തിയത്. 100-ല്‍ 70.3 പോയിന്റുമായി ഒന്റാരിയോയിലെ മിസ്സിസാഗയാണ് ഒന്നാമതെത്തിയത്. 69.4 പോയിന്റുമായി കെബെക്കിലെ മണ്‍ട്രിയോള്‍ രണ്ടാം സ്ഥാനത്തും എത്തി.
ഒന്റാരിയോ പ്രവിശ്യയുടെ മൊത്തം സന്തോഷ സൂചിക 67.2 ആണ്. കാനഡയിലെ ഏറ്റവും സന്തോഷമുള്ള ആദ്യ 10 വലിയ നഗരങ്ങളില്‍ അഞ്ചെണ്ണം ഒന്റാരിയോയില്‍ നിന്നുള്ളവയാണ്. മിസ്സിസാഗ ഒന്നാമതായപ്പോള്‍, ഹാമില്‍ട്ടണ്‍ (67.5) മൂന്നാമതും, ബ്രാംപ്ടണ്‍ ( 66.7) അഞ്ചാമതും, ഓട്ടവ (66.4) ആറാമതും, ടൊറന്റോ ( 65.8) പത്താമതും എത്തി.

ഏറ്റവും സന്തോഷമുളള നഗരം താമസച്ചെലവുകളുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് സോകസ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു നഗരത്തിലെ ശരാശരി വീടിന്റെ വിലയെ അവിടത്തെ സന്തോഷ സൂചിക കൊണ്ട് ഹരിച്ചാണ് ‘സന്തോഷ പോയിന്റിനുള്ള വില’ (Price per happiness point) എന്ന പുതിയ അളവ് കണക്കാക്കിയത്. അതായത്, സന്തോഷത്തിന്റെ ഓരോ യൂണിറ്റിനും താമസക്കാര്‍ എത്രമാത്രം പണം മുടക്കുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു.
സോകസയുടെ സിഇഒ ആയ കാരി ലിസെങ്കോ പറയുന്നത്, സ്ഥിരതയുള്ളതും താങ്ങാനാവുന്നതുമായ ഭവന ഓപ്ഷനുകളാണ് ജീവിതനിലവാരത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നതെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 52.6% കാനഡക്കാരും അഭിപ്രായപ്പെട്ടു.
മിസ്സിസാഗയില്‍ ശരാശരി വീടിന്റെ വില 969,501 ഡോളര്‍. സന്തോഷ സൂചിക 70.3. സന്തോഷ പോയിന്റിനുള്ള വില: $13,788 ആണ്. വൈവിധ്യം, മികച്ച തൊഴിലവസരങ്ങള്‍, കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയുമായുള്ള അടുത്ത ബന്ധം എന്നിവ മിസ്സിസാഗയുടെ സന്തോഷത്തിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ടൊറന്റോയില്‍ ശരാശരി വീടിന്റെ വില 1,089,918 ഡോളറാണ്. സന്തോഷ സൂചിക 65.8. സന്തോഷ പോയിന്റിനുള്ള വില: $16,563. മണ്‍ട്രിയോളില്‍ ശരാശരി വീടിന്റെ വില $578,900, സന്തോഷ സൂചിക 69.4. സന്തോഷ പോയിന്റിനുള്ള വില: $8,343.
ദേശീയതലത്തില്‍, 39,800-ല്‍ അധികം കാനഡക്കാര്‍ പങ്കെടുത്ത സര്‍വ്വേ പ്രകാരം 49% ആളുകളും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തങ്ങളുടെ സന്തോഷം അതേപടി നിലനിര്‍ത്തുന്നു. 28% പേര്‍ സന്തോഷത്തില്‍ കുറവ് വന്നതായും 23% പേര്‍ മെച്ചപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്തു. 18-നും 34-നും ഇടയിലുള്ള യുവാക്കളാണ് ഏറ്റവും കൂടുതല്‍ സന്തോഷമുള്ളവര്‍. കൂടാതെ പുരുഷന്മാരെ അപേക്ഷിച്ച് സന്തോഷം കൂടുതല്‍ അനുഭവിക്കുന്നവര്‍ സ്ത്രീകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
