റെജൈന: സസ്ക്വാചാനിലെ സ്കൂൾ പ്രോനൗൺ നിയമത്തിനെതിരായ ഹർജിയിൽ അപ്പീലുകൾ പരിഗണിക്കണമോ എന്ന കാര്യത്തിൽ സുപ്രീം കോടതി വിധി ഇന്ന്. 2023-ലെ നിയമപ്രകാരം, 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ സമ്മതമില്ലാതെ സ്കൂളുകളിൽ പേരോ സർവ്വനാമങ്ങളോ മാറ്റാൻ കഴിയില്ല. കുട്ടികളുടെ തീരുമാനങ്ങളിൽ രക്ഷിതാക്കൾക്ക് പങ്കാളിത്തം വേണമെന്നാണ് സർക്കാർ വാദം. എന്നാൽ ഈ നിയമം ലിംഗപരമായ വൈവിധ്യമുള്ള കൗമാരക്കാർക്ക് ദോഷകരമാണെന്ന് LGBTQ+ ഗ്രൂപ്പായ യുആർ പ്രൈഡ് അറിയിച്ചു.
നിയമം പാസാക്കുന്നതിനായി പ്രീമിയർ സ്കോട്ട് മോയുടെ സർക്കാർ ചാർട്ടറിൻ്റെ ‘നോട്ട് വിത്ത്സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിച്ചിരുന്നു. ഈ ക്ലോസ് ഉപയോഗിച്ച് ഭരണഘടന ഉറപ്പുനൽകുന്ന ചില അവകാശങ്ങൾ അഞ്ച് വർഷത്തേക്ക് മറികടക്കാൻ സർക്കാരിന് സാധിക്കും. എങ്കിലും യുആർ പ്രൈഡിൻ്റെ ഹർജി തുടർന്നു കൊണ്ടുപോകാമെന്ന് സസ്ക്വാചാൻ അപ്പീൽ കോടതി വിധിച്ചു. ‘നോട്ട് വിത്ത്സ്റ്റാൻഡിങ് ക്ലോസ്’ നിലവിലുള്ളതിനാൽ നിയമം പൂർണ്ണമായി റദ്ദാക്കാൻ കഴിയില്ലെങ്കിലും, ഇത് ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് പ്രഖ്യാപന വിധി പുറപ്പെടുവിക്കാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി

യുആർ പ്രൈഡ് ഗ്രൂപ്പും പ്രവിശ്യയും ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. പൊതുമേഖലയിലെ മതചിഹ്ന നിരോധനം സംബന്ധിച്ച കെബെക്ക് നിയമത്തിൻ്റെ വെല്ലുവിളിക്കൊപ്പം ഈ കേസും വേഗത്തിൽ പരിഗണിക്കണമെന്നാണ് ആവശ്യം. ഈ രണ്ട് കേസുകളിലെയും സുപ്രീം കോടതിയുടെ തീരുമാനം രാജ്യത്തെ ഭരണഘടനാ അവകാശങ്ങൾക്കും സ്കൂൾ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും നിർണ്ണായകമായേക്കാമെന്നാണ് വിലയിരുത്തൽ.
