ഓട്ടവ: കാനഡയിലേക്ക് വരുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതോടെ കാല്‍ഗറിയിലെ വിദ്യാഭ്യാസ-പുനരധിവാസ മേഖല ആശങ്കയില്‍. ഈ നീക്കം കാല്‍ഗറിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
പുതിയ നടപടികള്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തെ കൂടുതല്‍ കുറച്ചേക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറി അറിയിച്ചു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം ഈ വര്‍ഷം ഏകദേശം 34.7 മില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടമാണ് യൂണിവേഴ്‌സിറ്റി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 15.3 മില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ ഗവേഷണ വിദ്യാര്‍ത്ഥികളെ വെട്ടച്ചുരുക്കലില്‍ നിന്നും ഒഴിവാക്കിയത് ആഘാതം കുറയ്ക്കുമെന്നും യു ഓഫ് സി വക്താവ് കൂട്ടിച്ചേര്‍ത്തു.
കുടിയേറ്റക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കാല്‍ഗറിയിലെ സംഘടനകളും ഫണ്ടിങിന്റെ കാര്യത്തില്‍ ആശങ്കയിലാണ്. സെന്റര്‍ ഫോര്‍ ന്യൂകമേഴ്സിന്റെ സിഇഒ കെന്റ്റി ജോണ്‍സ്റ്റണ്‍-ടെയ്ലര്‍ തങ്ങളുടെ ഫണ്ടിങ് വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചു. സംഘടനയുടെ ഫണ്ടിങിന്റെ പകുതിയിലധികവും ഫെഡറല്‍ സര്‍ക്കാരില്‍ നിന്നാണ് ലഭിക്കുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കാനഡയിലേക്കുള്ള സ്ഥിര, താല്‍ക്കാലിക താമസക്കാരുടെ പ്രവേശനം വെട്ടിക്കുറയ്ക്കുമെന്നാണ് ലിബറല്‍ സര്‍ക്കാര്‍ ബജറ്റിനിടെ പ്രഖ്യാപിച്ചത്. 2026 ലെ താല്‍ക്കാലിക താമസ പ്രവേശന ലക്ഷ്യം 2025 ലെ 673,650 ല്‍ നിന്ന് 43 ശതമാനം കുറച്ച് 385,000 ല്‍ എത്തിക്കാനാണ് കാനഡയുടെ പദ്ധതി. അതേ പോലെ 2026-ലെ വിദേശ വിദ്യാര്‍ത്ഥി പ്രവേശന ലക്ഷ്യം 155,000 ആയി നിലനിറുത്തുകയും ചെയ്യും. 2025 ലെ 305,900 ല്‍ നിന്ന് 49 ശതമാനം കുറവാണിത്.
താത്കാലിക വിദേശ തൊഴിലാളികളുടെ പ്രവേശന ലക്ഷ്യം 230,000 ആയിരിക്കുമെന്നാണ് സൂചന. 2025 ലെ ലക്ഷ്യമായ 367,750 ല്‍ നിന്ന് 37 ശതമാനം കുറവാണിത്. അതേ സമയം കഴിഞ്ഞ വര്‍ഷത്തെ ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാനിലെ 210,700 എന്ന 2026-ലെ ലക്ഷ്യത്തില്‍ നിന്ന് എട്ടുശതമാനം വര്‍ധനവ് താത്കാലിക വിദേശ തൊഴിലാളികളുടെ പ്രവേശനത്തില്‍ കൊണ്ടുവന്നിട്ടുമുണ്ട്.
2026-ലെ സ്ഥിരതാമസ പ്രവേശനം, കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ നിന്ന് മാറ്റമില്ലാതെ തന്നെ 380,000 ആയി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിരതാമസ പ്രവേശനത്തിന്റെ 64 ശതമാനം സാമ്പത്തിക കുടിയേറ്റത്തിനായി നീക്കിവയ്ക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. കൂടാതെ കാനഡയിലെ അര്‍ഹരായ സംരക്ഷിത വ്യക്തികള്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥിര താമസ പദവി നല്‍കുമെന്ന് പ്രഖ്യാപിച്ചതാണ് ഈ പ്രതിസന്ധിയ്ക്കിടെയിലെ ഏക ആശ്വാസം.
