വിനിപെഗ് : കനേഡിയൻ ഡിസെബിലിറ്റി ബെനിഫിറ്റ് മെച്ചപ്പെടുത്താനുള്ള ഫെഡറൽ സർക്കാരിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നിലവിലെ പദ്ധതിക്കെതിരെ വിമർശനങ്ങളുമുയരുന്നതായി റിപ്പോർട്ട്. ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വളരെ സങ്കീർണ്ണമാണെന്ന് സെറിബ്രൽ പാൾസി അസോസിയേഷൻ ഓഫ് മാനിറ്റോബ (CPMB) ഡയറക്ടർ ഡേവിഡ് ക്രോൺ അഭിപ്രായപ്പെട്ടു. 2025 ജൂണിൽ ആരംഭിച്ച പദ്ധതി പ്രകാരം പ്രതിമാസം നൽകുന്ന 200 ഡോളർ എന്ന തുക, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വികലാംഗരെ പിന്തുണയ്ക്കാൻ മതിയാകില്ലെന്ന് ക്രോൺ പറയുന്നു. ദാരിദ്ര്യരേഖയ്ക്ക് മുകളിൽ ജീവിക്കാൻ ആവശ്യമായ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിതച്ചെലവിന് പുറമെ, പ്രധാന നഗരങ്ങൾക്ക് പുറത്ത് താമസിക്കുന്ന വികലാംഗർക്ക് യാത്രാ തടസ്സങ്ങളും മറ്റ് ബുദ്ധിമുട്ടുകളും കാരണം ദൈനംദിന ചെലവുകൾ വർധിക്കുന്നത് സ്ഥിതി കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. ആനുകൂല്യങ്ങൾ ലഭിക്കാനുള്ള കാലതാമസം കുറയ്ക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും, ആനുകൂല്യം നേടുന്നതിനുള്ള കടമ്പകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും CPMB ചൂണ്ടിക്കാണിക്കുന്നു. 2023–24 കാലഘട്ടത്തിൽ ഏകദേശം 27,000 മാനിറ്റോബ നിവാസികൾ സർക്കാർ സഹായപദ്ധതികളെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
