ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. കേസിലെ മൂന്നാം പ്രതിയായ എന്‍. വാസുവിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാസുവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ, രണ്ടാമതും കസ്റ്റഡിയില്‍ വാങ്ങിയ മുരാരി ബാബുവിനെയും ഡി. സുധീഷ് കുമാറിനെയും ഇന്ന് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും. മുരാരി ബാബുവിനെ തിങ്കളാഴ്ച വരെയും, ഡി. സുധീഷ് കുമാറിനെ പന്ത്രണ്ടാം തീയതി വരെയും എസ്.ഐ.ടി. കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ 12-ാം തീയതി പരിഗണിക്കുന്നതിനായി മാറ്റിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ദേവസ്വം സെക്രട്ടറി ജയശ്രീയേയും അറസ്റ്റ് ചെയ്യാനുള്ള നീക്കം എസ്.ഐ.ടി. ആരംഭിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു അറസ്റ്റിലായത്. ഇദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് റാന്നി കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായ മുന്‍ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി.
സ്വര്‍ണ്ണക്കൊള്ളക്കേസിലെ ഏഴാം പ്രതിയാണ് കെ.എസ്. ബൈജു. 2019-ല്‍ സ്വര്‍ണ്ണ പാളികള്‍ ചെമ്പായി രേഖപ്പെടുത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്ന സമയത്ത് തിരുവാഭരണം കമ്മീഷണര്‍ ആയിരുന്നു ബൈജു. സ്വര്‍ണ്ണത്തിന്റെ മറവില്‍ നടന്ന തട്ടിപ്പില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്കുണ്ടോ എന്ന കാര്യമാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.
