Saturday, November 15, 2025

വന്ദേഭാരതില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയ്ക്കിടെ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളില്‍ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്‍ഗ്ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി. ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയ്ക്കിടെ സരസ്വതി വിദ്യാലയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഗണഗീതം ആലപിക്കുന്ന വീഡിയോ ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക ‘എക്‌സ്’ (മുമ്പ് ട്വിറ്റര്‍) അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ‘സരസ്വതി വിദ്യാലയ സ്‌കൂളിലെ കുട്ടികള്‍ അവരുടെ സ്‌കൂള്‍ ഗാനം പാടുന്നു’ എന്ന തലക്കെട്ടോടെയാണ് റെയില്‍വേ വീഡിയോ പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍, ഇത് ആര്‍എസ്എസ്സിന്റെ പരിപാടികളില്‍ ആലപിക്കുന്ന ഗണഗീതമാണെന്ന് തിരിച്ചറിഞ്ഞതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമുയര്‍ന്നു. ഇതേത്തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!