തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 9-ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11-നാണ് നടക്കുന്നത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 14-ന് പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആകും. തിരഞ്ഞെടുപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് മുതല്‍ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരും. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് പിന്നീട് നടത്താനാണ് തീരുമാനം. മൊത്തം 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് 33,746 പോളിങ് സ്റ്റേഷനുകളും 1,37,922 ബാലറ്റ് യൂണിറ്റുകളും സജ്ജമാണ്. കൂടാതെ 50,691 കണ്ട്രോള് യൂണിറ്റുകളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ 1,249 റിട്ടേണിങ് ഓഫീസര്‍മാരെയും ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയും നിയോഗിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 70,000 പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. ഇതോടെ ഏകദേശം 2.5 ലക്ഷം പേരാണ് തിരഞ്ഞെടുപ്പ് നടപടികള്‍ക്കായി രംഗത്തുണ്ടാകുക. തിരഞ്ഞെടുപ്പ് ഇപ്പേള്‍ നടക്കാത്ത മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും എന്ന് കമ്മീഷന് വ്യക്തമാക്കി.
