മിസ്സിസാഗ : നഗരത്തിലെ കുക്‌സ്‌വിൽ മേഖലയിലുള്ള അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരുക്കേറ്റതായി പീൽ പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ കാവ്ത്ര റോഡിനും ക്വീൻ എലിസബത്ത് വേയ്ക്കും സമീപമുള്ള നോർത്ത് സർവീസ് റോഡിലെ ആസ്റ്റ ഡ്രൈവിലുമുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

സംഭവസ്ഥലത്ത് എത്തിയ മിസ്സിസാഗ ഫയർ ആൻഡ് എമർജൻസി സർവീസസ് കെട്ടിടത്തിന്‍റെ ഒന്നാം നിലയിലുള്ള യൂണിറ്റിൽ കനത്ത പുകയും തീയും കണ്ടെത്തി. തുടർന്ന് തീ നിയന്ത്രണവിധേയമാക്കി കെട്ടിടത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കൂടാതെ പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട പരുക്കുകളോടെ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടിത്തം പൂർണ്ണമായി നിയന്ത്രണവിധേയമാക്കി. കെട്ടിടം ഒഴിപ്പിച്ചിട്ടുണ്ട്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
