ടൊറൻ്റോ : വിൻസറിൽ റെക്കോർഡ് മയക്കുമരുന്ന് വേട്ട നടത്തി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP). പ്രൊജക്റ്റ് റോതർഹാം എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഫെന്റനൈൽ പിടിച്ചെടുക്കലാണ് OPP നടത്തിയത്. വിൻസർ പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ 65 ലക്ഷം ഡോളർ വിലമതിക്കുന്ന 46 കിലോ ഫെന്റനൈലാണ് പിടികൂടിയത്. കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി സെപ്റ്റംബർ 25 ന് വിൻസറിലെ മൂന്ന് വീടുകളിലും വാഹനങ്ങളിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. തുടർന്ന് 46 കിലോ ഫെന്റനൈൽ, 3.4 കിലോ കൊക്കെയ്ൻ, 1 കിലോ ഹെറോയിൻ, രണ്ട് തോക്കുകൾ, വെടിയുണ്ടകൾ, 4,500 ഹൈഡ്രോമോർഫോൺ ഗുളികകൾ, 190 ഓക്സികോഡോൺ ഗുളികകൾ, 360 മോർഫിൻ ഗുളികകൾ, 470 ബെൻസോഡിയാസെപൈൻ ഗുളികകൾ, 35 ആംഫെറ്റാമൈൻ ഗുളികകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ 181 കിലോ കഫീൻ, മാസ്റ്റർ കീ വെഹിക്കിൾ പ്രോഗ്രാമർ, ബോഡി അർമർ, 170,000 കനേഡിയൻ ഡോളർ, 220 യുഎസ് ഡോളർ, ആഭരണങ്ങൾ, 24 സെൽ ഫോണുകൾ, ഡിജിറ്റൽ സ്കെയിലുകൾ എന്നിവയും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു.
