ഇസ്ലാമാബാദ്: പാക്കിസ്ഥാൻ അതിർത്തി അടച്ചതോടെ കനത്ത തിരിച്ചടി നേരിട്ട് അഫ്ഗാനിസ്ഥാന്റെ വ്യാപാര മേഖല. ഇത് പ്രതിമാസം ഏകദേശം 20 കോടി ഡോളർ നഷ്ടം ഉണ്ടാക്കുമെന്ന് താലിബാൻ സർക്കാർ വ്യക്തമാക്കി. രാഷ്ട്രീയപരമായ കാരണങ്ങളാലാണ് പാക്ക് സർക്കാർ അതിർത്തി അടച്ചതെന്ന് അഫ്ഗാൻ ആരോപിക്കുന്നു.
അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന ടോർഖാം, സ്പിൻ ബോൾഡാക്ക് ഉൾപ്പെടെയുള്ള പ്രധാന അതിർത്തി ചെക്ക്പോസ്റ്റുകൾ ഒരു മാസത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്. പാക്കിസ്ഥാൻ തുറമുഖങ്ങളെ ആശ്രയിക്കുന്ന അഫ്ഗാൻ ബിസിനസുകൾക്ക് ഇത് വലിയ തിരിച്ചടിയാണ്. പാക്കിസ്ഥാൻ പലപ്പോഴും വ്യാപാരത്തിന് തടസ്സങ്ങൾ സൃഷ്ടിക്കാറുണ്ടെന്ന് അഫ്ഗാൻ വാണിജ്യ മന്ത്രി നൂറുദ്ദീൻ അസീസ് ചൂണ്ടിക്കാട്ടി. നിലവിലെ അതിർത്തി അടയ്ക്കലിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാൻ വഴിയുള്ള വ്യാപാര മാർഗത്തിന് അപകടസാധ്യതയുണ്ടെന്നും പാക്ക് അധികാരികൾ വ്യാപാരം രാഷ്ട്രീയപരമായ സമ്മർദ്ദത്തിനായി ഉപയോഗിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. അതിനാൽ പാക്കിസ്ഥാനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ വടക്കൻ അയൽരാജ്യങ്ങളുമായി വ്യാപാര ബദലുകൾ കണ്ടെത്താൻ അഫ്ഗാനിസ്ഥാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. പരസ്പര ബഹുമാനത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ പാക്കിസ്ഥാൻ വ്യാപാരം നടത്തുകയുള്ളൂ എന്നും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
