എഡ്മിന്‍റൻ : ആൽബർട്ടയിൽ ഫ്ലൂ വ്യാപകമാകുന്നു. ഈ വർഷം ഫ്ലൂ സീസൺ കൂടുതൽ കഠിനമാകാൻ സാധ്യതയുള്ളതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ ഓസ്‌ട്രേലിയയിൽ നിരവധി ഗുരുതരമായ പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കാനഡയിലും സമാനമായ ഒരു തരംഗത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ആൽബർട്ടയിൽ കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നേക്കാൻ സാധ്യതയുള്ളതായി വിദഗ്ധർ പറയുന്നു . ഈ വർഷം പ്രവിശ്യയിൽ വാക്സിൻ എടുക്കുന്നവരുടെ എണ്ണം കുറവായതാണ് ഇതിന് ഒരു കാരണം. കൂടാതെ, ഫ്ലൂ ഷോട്ട് എടുക്കുന്നവർക്ക് പോലും, പുതിയ H3N2 വൈറസ് വകഭേദം ബാധിക്കാനും സാധ്യതയുണ്ട്.

ആൽബർട്ടയിൽ സൗജന്യമായി ഫ്ലൂ ഷോട്ടുകൾ ലഭ്യമാണ്, പല ക്ലിനിക്കുകളിലും മുൻകൂട്ടി അപ്പോയിൻ്റ്‌മെൻ്റ് എടുക്കാതെയും വാക്സിൻ സ്വീകരിക്കാം. വർഷം തോറും ഫ്ലൂ ഷോട്ട് എടുക്കുന്നത് ഗുരുതരമായ അസുഖങ്ങൾ വരുന്നത് ഒഴിവാക്കാൻ സഹായിക്കും. ഈ വർഷം പ്രവിശ്യയിൽ ഇതിനോടകം ഒരു ഇൻഫ്ലുവൻസ മരണം രേഖപ്പെടുത്തിയിട്ടുണ്ട്, നവംബർ ആദ്യത്തോടെ 25 പേരെ ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ വൈറസ് വകഭേദത്തിനെതിരെ പ്രതിരോധ കുത്തിവെയ്പ്പിൻ്റെ ഫലപ്രാപ്തി കുറവാണെങ്കിൽ പോലും, മറ്റ് ഫ്ലൂ വൈറസുകളിൽ നിന്ന് ഇത് സംരക്ഷണം നൽകുമെന്നും എല്ലാവരുടെയും രോഗസാധ്യത കുറയ്ക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. കൂടുതൽ ആളുകൾ വാക്സിൻ എടുക്കുന്നത് ആശുപത്രികൾക്ക് ഉണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കുന്നതിനും പ്രവിശ്യയിലെ ഗുരുതരമായ കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും സഹായിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കി.
