എഡ്മിന്റൻ : കാനഡയ്ക്ക് അടുത്തിടെ അഞ്ചാംപനി വിമുക്ത പദവി നഷ്ടമായതിൽ ആശങ്ക രേഖപ്പെടുത്തി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. എന്നാൽ, പ്രവിശ്യയിലെ വാക്സിനേഷൻ നിരക്ക് ഉയർത്താൻ തൻ്റെ സർക്കാർ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഈ വർഷം ഇതുവരെ ആൽബർട്ടയിൽ റിപ്പോർട്ട് ചെയ്ത രണ്ടായിരത്തോളം അതിവ്യാപനശേഷിയുള്ള അഞ്ചാംപനി കേസുകളിൽ ഭൂരിഭാഗവും വാക്സിനേഷൻ നിരക്ക് കുറഞ്ഞ കമ്മ്യൂണിറ്റികളിലാണ് കണ്ടെത്തിയത്.

ആൽബർട്ടയിലെ വാക്സിൻ ക്യാംപെയ്ൻ ചിലയിടങ്ങളിൽ 50 ശതമാനം വരെ വർധന രേഖപ്പെടുത്തി വിജയം കണ്ടതായി സ്മിത്ത് പറഞ്ഞു. വിമുക്ത പദവി വീണ്ടെടുക്കാൻ എല്ലാവരും ജാഗ്രത പാലിക്കുകയും രോഗം പടരുന്നത് തടയാൻ തങ്ങളുടെ പങ്ക് വഹിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. മാർച്ചിലെ വ്യാപനത്തിന് ശേഷം ആൽബർട്ടയിൽ നൂറ്റി അൻപതിലധികം ആളുകളെ രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം, ഗർഭകാലത്ത് അഞ്ചാംപനി ബാധിച്ച സ്ത്രീയുടെ കുഞ്ഞ് ജനിച്ചതിന് തൊട്ടുപിന്നാലെ മരിച്ചതും ഞെട്ടലുണ്ടാക്കിയിരുന്നു. ഈ വർഷം കാനഡയിലെ മിക്കവാറും എല്ലാ പ്രവിശ്യകളിലും അഞ്ചാംപനി റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും, ആൽബർട്ടയിലും ഒന്റാരിയോയിലുമാണ് കേസുകൾ കൂടുതലായി രേഖപ്പെടുത്തിയിരുന്നത്.
