ടൊറന്റോ : ഒന്റാരിയോയിലുടനീളമുള്ള സ്‌കൂൾ, കമ്മ്യൂണിറ്റി സോണുകളിലെ ഓട്ടോമേറ്റഡ് സ്പീഡ് എൻഫോഴ്സ്മെന്റ് (ASE) കാമറ നിരോധനം പ്രാബല്യത്തിൽ. പ്രീമിയർ ഡഗ് ഫോർഡ് ബിൽ 56 (Building a More Competitive Economy Act) പാസാക്കിയതിനെ തുടർന്നാണ് തീരുമാനം. ഇതോടെ വാട്ടർലൂ റീജിയൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്പീഡ് കാമറകൾ വഴി ടിക്കറ്റ് നൽകുന്നത് നിർത്തി. കാമറകൾ പണമുണ്ടാക്കാനുള്ള തന്ത്രമാണെന്ന് ഫോർഡ് വിശേഷിപ്പിക്കുകയും, വേഗത കുറയ്ക്കുന്നതിൽ അവ ഫലപ്രദമല്ലെന്ന് വാദിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ കാമറകൾ വേഗത കുറയ്ക്കുന്നതായി മുനിസിപ്പാലിറ്റികളുടെയും ഗവേഷകരുടെയും ഡാറ്റ സൂചിപ്പിക്കുന്നു. നവംബർ 13 ന് മുൻപ് ടിക്കറ്റുകൾ ലഭിച്ചവർ പിഴ അടക്കണം. അല്ലാത്തപക്ഷം, ഇത് ലൈസൻസ് പുതുക്കുന്നതിനെ ബാധിക്കുമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു.

കാമറകൾ നിർത്തലാക്കിയെങ്കിലും റോഡ് സുരക്ഷയ്ക്കായി പൊലീസ് നിരീക്ഷണത്തിലൂടെയുള്ള പിഴകൾ കമ്മ്യൂണിറ്റി സേഫ്റ്റി സോണുകളിൽ ഇരട്ടിയായി തുടരും. കാമറകൾ നീക്കം ചെയ്യുന്നതിനുമുൻപ് താൽക്കാലികമായി ട്രാഫിക് സ്പീഡ് ഡാറ്റ ശേഖരിക്കുന്നതിനായി റോഡുകളിൽ നിലനിർത്തും. സ്പീഡ് കാമറകൾക്ക് പകരമായി, പുതിയ സുരക്ഷാ നടപടികൾക്കായി (സ്പീഡ് ബമ്പുകൾ, ഉയർന്ന ക്രോസ് വാക്കുകൾ, പുതിയ സൈനേജുകൾ, പൊലീസ് നിരീക്ഷണം) 21 കോടി ഡോളർ ചെലവഴിക്കുമെന്ന് ഒന്റാരിയോ സർക്കാർ പ്രഖ്യാപിച്ചു. സ്പീഡ് കാമറകൾ നിർത്തലാക്കുന്നത് വഴി റോഡ് സുരക്ഷാ നടപടികളുടെ ചെലവ് നിയമം തെറ്റിക്കുന്ന ഡ്രൈവർമാർക്ക് പകരം നികുതിദായകർ വഹിക്കേണ്ടിവരുമെന്ന് മേയർമാർ ഉൾപ്പെടെയുള്ളവർ ആശങ്ക പ്രകടിപ്പിച്ചു.
