ശ്രീനഗര്‍: ചെങ്കോട്ട ആക്രമണത്തിന്റെ സൂത്രധാരില്‍ നിന്നും പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിടെ പൊട്ടിത്തെറിച്ച് ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നു. മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എസ്ഐഎ) ഉദ്യോഗസ്ഥരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും മറ്റു പൊലീസുകാരും സ്‌റ്റേഷനിലുള്ളപ്പോഴായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ അട്ടിമറി സാധ്യതയും അന്വേഷിക്കുന്നുണ്ട്.

13 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനക്കേസിലെ പ്രതികളിലൊരാളായ മുസമ്മില്‍ ഷക്കീല്‍ ഹരിയാണയിലെ ഫരീദാബാദില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. 360 കിലോഗ്രാം ശേഖരമുണ്ടായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് പൊലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിനും സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും തീപ്പിടിച്ചു. 30 കിലോമീറ്ററോളം സ്ഫോടനത്തിന്റെ ശബ്ദം വ്യാപിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് 300 അടി അകലെ വരെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അമോണിയം നൈട്രേറ്റ് സീല്‍ ചെയ്യുന്നതിനിടെ തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ജെയ്ഷെ മുഹമ്മദിന്റെ നിഴല്‍ സംഘടനയായ പിഎഎഫ്എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.
