ഹാലിഫാക്സ്: പിക്റ്റൗ കൗണ്ടിയിലെ രണ്ട് കുട്ടികളുടെ തിരോധാനത്തിൽ വീണ്ടും തിരച്ചിൽ ആരംഭിച്ചു. സന്നദ്ധപ്രവർത്തക സംഘമായ പ്ലീസ് ബ്രിങ് മി ഹോം ആണ് തിരച്ചിൽ സംഘടിപ്പിച്ചത്. പിക്റ്റൗ കൗണ്ടി ഏരിയയിലെ തിരച്ചിലിൽ സന്നദ്ധപ്രവർത്തകരായി ചേരാൻ പൊതുജനങ്ങളെ ക്ഷണിച്ചതായി ഒന്റാരിയോ ആസ്ഥാനമായുള്ള സംഘം പറയുന്നു.

പിക്റ്റൗ കൗണ്ടിയിലെ ലാൻസ്‌ഡൗൺ സ്റ്റേഷനിലെ ഗെയ്‌ർലോച്ച് റോഡിലുള്ള വീട്ടിൽ നിന്നും മെയ് രണ്ട് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആറ് വയസ്സുകാരി ലില്ലി സള്ളിവനും നാല് വയസ്സുള്ള സഹോദരൻ ജാക്കിനെയും കാണാതായത്.കുട്ടികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചത് മുതൽ ആയിരത്തോളം സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും, 8,060 വിഡിയോ ഫയലുകൾ പരിശോധിച്ചുവെന്നും ഫോറൻസിക് പരിശോധന തുടരുകയാണെന്നും ആർസിഎംപി അറിയിച്ചു. സെപ്റ്റംബറിൽ, കുട്ടികളുടെ വീടിനടുത്തുള്ള 40 കിലോമീറ്റർ പ്രദേശത്ത് തിരച്ചിൽ നടത്താൻ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിൽ പ്രത്യേകം പരിശീലനം ലഭിച്ച രണ്ട് പൊലീസ് നായ്ക്കളെ കൊണ്ടുവന്നു. എന്നാൽ, ആ നായ്ക്കൾ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ആർസിഎംപി റിപ്പോർട്ട് ചെയ്തു. കൂടാതെ, കഴിഞ്ഞ മാസം അന്വേഷണവുമായി ബന്ധപ്പെട്ട് ആർസിഎംപി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. കുട്ടികളെ കാണാതായതായി റിപ്പോർട്ട് ചെയ്യുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വീടിന്റെ പരിസര പ്രദേശത്തുകൂടി വാഹനം പോകുന്ന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്‌തതായി ആർസിഎംപി പറഞ്ഞു.
