ബെംഗളൂരു: കലബുറഗി അലന്ദ് നിയമസഭാ സീറ്റിലെ വോട്ടർപട്ടികയിൽ വ്യാപക തിരിമറിക്കു ശ്രമിച്ചെന്ന കേസിൽ ബംഗാളിലെ നാദിയയിൽനിന്നുള്ള മൊബൈൽ റിപ്പയർ കടയുടമ ബാപ്പി ആദ്യയെ (27) പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. ഇയാൾ ഡേറ്റ സെന്ററുകൾ ഉപയോഗിച്ച് വോട്ടർമാരെ നീക്കാൻ ശ്രമിക്കുകയായിരുന്നു. വോട്ടുകൊള്ള ക്രമക്കേട് സംബന്ധിച്ച് രാഹുൽഗാന്ധി തെളിവുകൾ പുറത്തുവിട്ടതിനെ തുടർന്നാണ് കർണാടക സർക്കാർ എസ്.ഐ.ടി രൂപീകരിച്ചത്.നാദിയയിൽ നിന്ന് അറസ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിച്ചതിനെ തുടർന്ന് 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. ഒ.ടി.പി ബിജെപി നേതാവിന്റെ ഡേറ്റ സെന്ററിലെത്തിച്ച് നൽകിയെന്നും ഇതിനായി പ്രത്യേക വെബ്സൈറ്റ് ഉപയോഗിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഡേറ്റാ സെന്ററും ഇയാളുമായി നടത്തിയ പണമിടപാടിന്റെ രേഖകളും കണ്ടെടുത്തു. ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറാണ് വോട്ടുവെട്ടലിന് കരാർ നൽകിയത്. ബാപി ആദ്യയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ പറഞ്ഞു.

വോട്ടർമാരെ നീക്കാൻ വ്യാജ ഫോം-7 അപേക്ഷകൾ ഉണ്ടാക്കാൻ ചമയ്ക്കുന്നതിന് ഇയാളുടെ 75 മൊബൈൽ നമ്പറുകകളാണ് ഉപയോഗിച്ചത്. ഇത് വച്ച് തിരഞ്ഞെടുപ്പു കമ്മിഷന്റെ ആപ്പുകളിൽ അപേക്ഷ നൽകിയായിരുന്നു അട്ടിമറി നീക്കം. കലബുറഗിയിലെ ഡേറ്റ സെന്റർ ഇയാൾക്ക് 700 രൂപ കൈമാറിയതിന്റെ തെളിവ് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അലന്ദിൽ അനധികൃതമായി 5994 വോട്ടുകൾ നീക്കുന്നതിനും ഇതേ പോലെ 3000 വ്യാജ ഫോൺ നമ്പറുകളിൽനിന്ന് അപേക്ഷ നൽകിയതായും കണ്ടെത്തി. വോട്ടർമാരെ നീക്കാൻ വ്യാജ ഫോം-7 അപേക്ഷകൾ ചമയ്ക്കുന്നതിന് ഡേറ്റ സെന്റർ ജീവനക്കാർക്ക് വോട്ടൊന്നിന് 80 രൂപ വീതവും വാങ്ങി.
