വൻകൂവർ : ന്യൂ ഡെമോക്രാറ്റുകളുടെ കൺവെൻഷനിൽ ബ്രിട്ടിഷ് കൊളംബിയ (ബിസി) പ്രീമിയർ ഡേവിഡ് എബിക്ക് ശക്തമായ പിന്തുണ. പങ്കെടുത്ത 740 പ്രതിനിധികളിൽ 609 പേരും (ഏകദേശം 83 ശതമാനം) എബിയുടെ നേതൃത്വം വിലയിരുത്തുന്നതിന് ഒരു പുനഃപരിശോധന ആവശ്യമില്ലെന്ന് വോട്ട് രേഖപ്പെടുത്തി. പ്രകൃതി വിഭവ പദ്ധതികളിലൂടെ ബിസിയുടെ പൊതു സേവനങ്ങൾക്കുള്ള ധനം സമാഹരിക്കുമെന്ന് കൺവെൻഷനിൽ സംസാരിക്കവേ എബി പ്രഖ്യാപിച്ചു. നൂറ്റാണ്ടിലെ വലിയ അവസരങ്ങളിലൊന്നായ നോർത്ത് കോസ്റ്റ് ട്രാൻസ്മിഷൻ ലൈൻ അടക്കമുള്ള ഖനന-എൽ.എൻ.ജി. പദ്ധതികളെയും അദ്ദേഹം വിശദീകരിച്ചു.

എന്നാൽ, ബിസിയുടെ വടക്കൻ തീരത്തെ എണ്ണക്കപ്പൽ നിരോധനം നിലനിർത്താനാണ് തീരുമാനമെന്നും പ്രീമിയർ വ്യക്തമാക്കി. നിരോധനം നീക്കുന്നത്, പല വികസന പദ്ധതികൾക്കും തദ്ദേശീയ സമൂഹങ്ങളുടെയും നോർത്തോൺ പ്രദേശങ്ങളിലെ ജനങ്ങളുടെയും പിന്തുണ നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
