ഓട്ടവ: കനേഡിയൻ വനിതാ സോക്കർ വളർച്ചയ്‌ക്കായി ഫെഡറൽ സർക്കാർ 54.5 ലക്ഷം ഡോളർ നിക്ഷേപം നൽകും. രാജ്യത്തുടനീളമുള്ള ലീഗ് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നവീകരിക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക. അടിസ്ഥാന സൗകര്യവികസനമാണ് പ്രധാനലക്ഷ്യം. നിലവിൽ മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയങ്ങൾ പങ്കുവയ്‌ക്കേണ്ടിവരുന്നത് ലീഗിന് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ തീരുമാനം. സോക്കറിന് അനുയോജ്യമായ ഇടത്തരം സ്റ്റേഡിയങ്ങൾ നിർമ്മിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. ഫെഡറൽ സർക്കാർ നൽകുന്ന തുക ക്ളബുകൾക്ക് നൽകുമെന്ന് എൻ.എസ്.എൽ പ്രസിഡൻ്റ് ക്രിസ്റ്റീന ലിറ്റ്സ് പറഞ്ഞു. ഇത് പ്രധാനമായും സ്റ്റേഡിയങ്ങളു ടെയും പരിശീലന സൗകര്യങ്ങളുടെയും മെച്ചപ്പെടുത്തലിനായി ഉപയോഗിക്കും. ഫെഡറൽ നിക്ഷേപത്തിന് പുറമെ ലീഗിൻ്റെ ഉടമകളും അധികതുക നിക്ഷേപിക്കും.

ഈ വർഷം ആരാധകരിൽ നിന്നുള്ള പ്രതികരണം അവിശ്വസനീയമായിരുന്നെന്നും കാനഡയിലെ ആളുകൾ ഉയർന്ന നിലവാരമുള്ള വനിതാ പ്രൊഫഷണൽ സോക്കർ ആവശ്യ മാണെന്ന് മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളിൽ അനുഭവപ്പെടുന്ന ഊർജ്ജസ്വലത തെളി യിക്കുന്നതായും ലിറ്റ്സ് വ്യക്തമാക്കി. ലീഗിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അനുവദിച്ച 54.5 ലക്ഷം ഡോളർ ലീഗിൻ്റെ അടുത്ത ഘട്ട വളർച്ചയ്ക്ക് നിർണായകമാണെന്നും അവർ വ്യക്തമാക്കി. സോക്കർ മത്സരങ്ങൾ ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുമെന്നും ഗ്രേറ്റർ ടൊറന്റോ ഏരിയയ്ക്ക് ഗണ്യമായ സാമ്പത്തിക കുതിപ്പുണ്ടാക്കുമെന്നും വിലയിരുത്തി യാണ് ഫെഡറൽ സർക്കാർ നിക്ഷേപത്തിന് ഒരുങ്ങുന്നത്. ഒരു വർഷമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു വരികയായിരുന്നു. നേരത്തെ ഫെഡ്‌ഡെവ് ഒൻ്റാരിയോ വഴി സർക്കാർ എൻ.എസ്.എൽ ഉദ്ഘാടന ചാമ്പ്യൻഷിപ്പിന് 180,000 ഡോളർ നൽകിയിരുന്നു. കാനഡയുടെ ഭാവിയിൽ സ്‌പോർട്‌സിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും രാജ്യത്ത് അതിവേഗം വളരുന്ന മേഖലകളിലൊന്നായ വനിതാ കായികരംഗത്ത് നിക്ഷേപം നടത്തുന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും എൻ.എസ്.എൽ സഹസ്ഥാപകയും ചീഫ് ഗ്രോത്ത് ഓഫീസറുമായ ഡയാന മാത്തസൺ പറഞ്ഞു. 2027-ൽ ഏഴാമതായി ഒരു ടീമിനെ കൂടി ലീഗിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്നും അവർ പറഞ്ഞു.
