ന്യൂയോർക്ക്: രാജ്യവ്യാപക സ്റ്റാർബക്സ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്ത് നിയുക്ത ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. അമേരിക്കൻ കോഫീഹൗസ് ശൃംഖലയായ സ്റ്റാർബക്സിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായാണ് മംദാനി എത്തിയത്. വേതനം കൂട്ടണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്റ്റാർബക്സ് തൊഴിലാളി സംഘടനയായ, സ്റ്റാർബക്സ് വർക്കേഴ്സ് യുണൈറ്റഡ് രാജ്യവ്യാപക സമരം പ്രഖ്യാപിച്ചത്. പണിമുടക്കുന്ന യൂണിയൻ ബരിസ്റ്റകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, രാജ്യവ്യാപകമായി പണിമുടക്ക് അവസാനിക്കുന്നതുവരെ സ്റ്റാർബക്സിനെ ഒഴിവാക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. സ്റ്റാർബക്സ് വർക്കേഴ്സ് യുണൈറ്റഡ്’ എന്ന തൊഴിലാളി യൂണിയൻ ‘റെഡ് കപ്പ് റിബല്ലിയൻ’ എന്ന് പേരിട്ട അനിശ്ചിതകാല പണിമുടക്ക് നവംബർ 14 നാണ് ആരംഭിച്ചത്. സ്റ്റാർബക്സിന്റെ ഏറ്റവും തിരക്കേറിയ വാർഷിക പരിപാടികളിലൊന്നായ ”റെഡ് കപ്പ്” ഡേയുമായി ചേർന്നാണ് ഇത്തവണയും സമരം നടക്കുന്നത്. ഈ ദിവസം ഉപഭോക്താക്കൾ സൗജന്യമായി വീണ്ടും ഉപയോഗിക്കാവുന്ന ഹോളിഡേ കപ്പുകൾക്കായി വരിനിൽക്കുന്നത് സ്റ്റോറുകളിൽ വലിയ തിരക്കിന് കാരണമാകാറുണ്ട്.

‘രാജ്യമെമ്പാടുമുള്ള സ്റ്റാർബക്സ് തൊഴിലാളികൾ, മികച്ച കരാറിനു വേണ്ടിയും നീതിരഹിതമായ തൊഴിൽജീവിതത്തിന് എതിരെയും പോരാടുകയാണ്. തൊഴിലാളികൾ സമരം ചെയ്യുമ്പോൾ ഞാൻ സ്റ്റാർബക്സിൽനിന്ന് യാതൊന്നും വാങ്ങില്ല. എനിക്കൊപ്പം ചേരാൻ നിങ്ങളോടും അഭ്യർഥിക്കുകയാണ്. ശക്തമായൊരു സന്ദേശം നമുക്കൊരുമിച്ച് നൽകാനാവും. നോ കോൺട്രാക്ട്, നോ കോഫീ’, മംദാനി സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു. സ്റ്റാർബക്സ് വർക്കേഴ്സ് യുണൈറ്റഡിന്റെ കുറിപ്പ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മംദാനിയുടെ പ്രതികരണം.

കമ്പനി വ്യാപകമായി തൊഴിൽ നിയമലംഘനങ്ങൾ നടത്തിയതായി സ്റ്റാർബക്സ് വർക്കേഴ്സ് യുണൈറ്റഡ് ആവർത്തിച്ച് ആരോപിച്ചിട്ടുണ്ട്. നാഷണൽ ലേബർ റിലേഷൻസ് ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ലോ ജഡ്ജിമാർ, നാനൂറിലധികം തൊഴിൽ നിയമലംഘനങ്ങൾക്ക് സ്റ്റാർബക്സ് ഉത്തരവാദിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവർ ആരോപിച്ചു. ന്യൂയോർക്ക്, ഡാലസ്, സിയാറ്റിൽ, ഫിലാഡൽഫിയ തുടങ്ങി 25-ൽ അധികം നഗരങ്ങളിലെ സ്റ്റാർബക്സ് ജീവനക്കാർ സമരത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ വർഷം മുതൽ യൂണിയൻ നടത്തുന്ന നാലാമത്തെ പണിമുടക്കാണിത്. 2024-ൽ ബ്രയാൻ നിക്കോൾ സിഇഒ ആയതിന് ശേഷമുള്ള മൂന്നാമത്തെ സമരവുമാണിത്. കഴിഞ്ഞ വർഷത്തെ ”റെഡ് കപ്പ് ഡേ” സമരത്തെ തുടർന്ന് 60 സ്റ്റോറുകളെങ്കിലും താൽക്കാലികമായി അടച്ചുപൂട്ടേണ്ടി വന്നതായി കമ്പനി അന്ന് അറിയിച്ചിരുന്നു.
