മുംബൈ: ഇന്ത്യൻ വാഹനവിപണിയിൽ വീണ്ടും വിലക്കയറ്റത്തിന്റെ ട്രെൻഡുകൾ. അടുത്ത വർഷം ജനുവരി മുതൽ വാഹനങ്ങളുടെ വില കൂട്ടാൻ പ്രമുഖ വാഹന നിർമ്മാതാക്കൾ ഒരുങ്ങുന്നതായാണ് സൂചന. പ്രധാനമായും അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയരുന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. ഈ വർഷം സെപ്റ്റംബറിൽ ജി.എസ്.ടി. ഇളവ് പ്രഖ്യാപിച്ചതോടെ ചെറുകാറുകൾ ഉൾപ്പെടെയുള്ള മോഡലുകൾക്ക് വില കുറഞ്ഞിരുന്നു. ഇത് വാഹന വിപണിക്ക് വലിയ ഉണർവ് നൽകുകയും കമ്പനികൾ റെക്കോഡ് വിൽപ്പന നേടുകയും ചെയ്തു. എന്നാൽ, ഉത്പാദനച്ചെലവ് വർദ്ധിച്ചതോടെ ഈ ജി.എസ്.ടി. നേട്ടം ഉപഭോക്താക്കൾക്ക് കൂടുതൽ കാലം ലഭിക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റീൽ, അലുമിനിയം തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നത് നിർമ്മാണച്ചെലവ്, അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞ നിലയിൽ തുടരുന്നത് ഇറക്കുമതിച്ചെലവ് അടുത്ത സാമ്പത്തിക വർഷത്തിലെ നാലാം പാദമായ ജനുവരി-മാർച്ച് 2026 മാസങ്ങളിൽ വില വർദ്ധനവ് നടപ്പിലാക്കുമെന്നാണ് കമ്പനികൾ നൽകുന്ന സൂചന.

ഉത്സവകാലം കഴിഞ്ഞതിനു പിന്നാലെ വില കൂട്ടുന്നത് വാഹനങ്ങളുടെ ഡിമാൻഡിനെ ബാധിക്കുമോ എന്ന ആശങ്ക വാഹന നിർമ്മാതാക്കൾക്കുണ്ട്. എങ്കിലും, നിലവിലെ ചെലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വില കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് കമ്പനികൾ. ഓരോ മോഡലിനും എത്ര രൂപയുടെ വർദ്ധനവ് ഉണ്ടാകുമെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കമ്പനികൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് മീറ്ററിൽ താഴെ നീളമുള്ളതും 1,200 സി.സി വരെ എഞ്ചിൻ ശേഷിയുള്ളതുമായ പെട്രോൾ കാറുകളുടെ ജി.എസ്.ടി 28ൽ നിന്ന് 18 ശതമാനമാക്കി കുറഞ്ഞിരുന്നു. ഇതിനൊപ്പം സെസും കുറച്ചതോടെ വിലയിൽ കാര്യമായ മാറ്റമുണ്ടായി. പല കാറുകളുടെയും വില 2019ലേതിന് സമാനമായി. ചെറുകാറുകളുടെ ഡിമാൻഡും വർധിച്ചു. ഇതോടെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ എല്ലാ കമ്പനികൾക്കും റെക്കോഡ് വിൽപ്പന നടന്നു. വിവിധ വിഭാഗങ്ങളിൽ ജി.എസ്.ടി കുറച്ചെങ്കിലും വാഹന വിപണിയിൽ മാത്രമാണ് പ്രകടമായ വിലക്കുറവുണ്ടായത്. വില വർധിപ്പിക്കുന്നതോടെ ഈ നേട്ടവും ജനങ്ങൾക്ക് ലഭ്യമാകില്ലെന്ന വിമർശനവും ശക്തമാണ്.
