ലണ്ടൻ: യു.കെയിൽ അഭയാർഥി പദവി ലഭിച്ചവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതിയായ പെർമനന്റ് റസിഡൻസി ലഭിക്കാൻ 20 വർഷം കാത്തിരിക്കേണ്ടി വരും. പുതിയ അഭയാർഥി നയം ഹോം സെക്രട്ടറി ഷബന മുഹമദ് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഇതാകും. അഭയാർഥിത്വത്തിന് അപേക്ഷിക്കാൻ 5 വർഷം കാത്തിരിക്കണം എന്ന നിയമം ഇപ്പോൾ രണ്ടരവർഷമായി കുറച്ചു. അതേ സമയം പെർമനൻറ് റസിഡൻസിക്കുള്ള അനുമതിക്കായാണ് 20 വർഷം കാത്തിരിക്കേണ്ടത്. നേരത്തെ ഡെൻമാർക്കും കുടിയേറ്റ നിയമങ്ങൾ കർക്ക ശമാക്കിയിരുന്നു. ഇതിന്റെ ചുവടുപറ്റിയാണ് യു.കെയുടെയും പ്രഖ്യാപനം.

ചെറുബോട്ടുകളിൽ വരെ രാജ്യത്തെത്തി അഭയാർത്ഥിത്വം വേണം എന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കുടിയേറ്റവുമായി ബന്ധപ്പെട്ട് ദിനംപ്രതി ഉണ്ടാകുന്ന പ്രശ്‌നങ്ങളും കണക്കിലെടുക്കുന്നുണ്ട്. പുതുക്കിയ നയപ്രകാരം താൽക്കാലികമായി മാത്രമേ ഇത്തരം കുടിയേറ്റക്കാർക്ക് അഭയാർഥിത്വം നൽകാൻ കഴിയൂ. ഇത് ഓരോ വർഷം കൂടുന്തോറും പുതുക്കണം. അതേ സമയം യു.കെയുടെ പുതുക്കിയ അഭയാർഥി നയത്തിനെതിരെ കടുത്തപ്രതിഷേധം ഉയരുന്നുണ്ട്. ശിക്ഷാ നടപടിക്ക് സമാനമാണ് ഈ നയമെന്നാണ് കുടിയേറ്റക്കാർ പറയുന്നത്.
